ചിറ്റൂർ: പാലക്കാട് ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞ് ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിനു ശേഷം സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചപ്പോൾ ജീവനക്കാരുടെ കുറവ് കല്ലുകടിയാകുന്നു. നല്ലേപ്പിള്ളി മേഖലയിൽ ആണ് നെല്ല് സംഭരണ നടപടികൾ ആരംഭിച്ചത്. എന്നാൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ സംഭരണം താളം തെറ്റുമോ എന്ന ആശങ്കയിലാണ് കർഷകർ. ആദ്യം കൊയ്ത്ത് കഴിഞ്ഞു നെല്ല് ഉണക്കി ചാക്കിലാക്കിയ വിവരം കൃഷി ആഫീസിലും സപ്ലൈകോ നിശ്ചയിച്ച ഉദ്യോഗസ്ഥരെയും അറിയിക്കണം. അതിന് ശേഷം മില്ല് അലോട്ട്‌മെന്റ് നടത്തും. ശേഷം സപ്ലൈകോ ഫീൽഡ് സ്റ്റാഫ് കർഷകരുടെ വീടുകളിൽ എത്തി ചാക്കെണ്ണം നോക്കി രസീത് എഴുതി നൽകും. ലോറി ഒഴിവിന് അനുസരിച്ചും ലോഡിംഗ് തൊഴിലാളികളുടെ സമയത്തിന് അനുസരിച്ചുമാണ് നെല്ല് എടുക്കുന്നത്. നല്ലേപ്പിള്ളിയിൽ മൂന്നു ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർ 30 പാടശേഖരത്തിലെ 2500 ൽ പരം കർഷകരുടെ വീടുകളിൽ പോയി നെല്ല് നോക്കുന്നത് ഏറെ കാലതാമസത്തിന് ഇടവരുത്തുന്നുണ്ട്. കൂടാതെ ഈ ഉദ്യോഗസ്ഥർക്ക് മറ്റു പഞ്ചായത്തുകളിലും നെല്ല് നേക്കേണ്ട ചുമതലയും നൽകിയിട്ടുള്ളതായാണ് അറിയുന്നത്. എല്ലാ സ്ഥലത്തും ഒരുമിച്ച് കൊയ്ത്ത് കഴിഞ്ഞതിനാൽ സംഭരണവും ഒരുമിച്ച് ആകുമ്പോൾ നെല്ല് ലോറിയിൽ കയറ്റുന്നതിന് നിലവിലുള്ള ചുമട്ടുതൊഴിലാളികളുടെ ജോലി ഭാരവും പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം നെല്ല് സംഭരണം വൈകുന്നതിന് കാരണമാകുമെന്നാണ് കർഷകരുടെ ആശങ്ക. രസീത് എഴുതി കൊടുക്കുന്നതിന് അധിക ജീവനക്കാരെ നിയമിക്കണമെന്നും നെല്ല് എടുത്ത കർഷർക്ക് ഉടൻ പി.ആർ.എസ് നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |