പട്ടാമ്പി: തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിൽ ഇക്കുറി മത്സരം കടുക്കും. യു.ഡി.എഫിനും എൽ.ഡി.എഫിനും വ്യക്തമായ ആധിപത്യമില്ലാത്ത നഗരസഭയിൽ 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 11 സീറ്റ് പിടിച്ചിട്ടും 10 സീറ്റ് നേടിയ എൽ.ഡി.എഫ് ആണ് ഭരിച്ചത്. മുൻ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ടി.പി.ഷാജിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച വീ ഫോർ പട്ടാമ്പിയുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് കഴിഞ്ഞ തവണ അധികാരത്തിലേറിയത്. വി ഫോർ പട്ടാമ്പി ആറ് സീറ്റിൽ ജയിച്ചു. എന്നാൽ ടി.പി.ഷാജി ഇത്തവണ രാജിവെച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതു കോൺഗ്രസ് പാളയത്തിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ എൽ.ഡി.എഫ് ഭരണത്തുടർച്ച നേടുമെന്നാണ് നഗരസഭാദ്ധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി പറയുന്നത്. അഞ്ച് വർഷമായി നഗരസഭയും സംസ്ഥാന സർക്കാരും സമസ്ത മേഖലകളിലും നടത്തിയ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. മറുവശത്ത് "പാഴായിപ്പോയ അഞ്ച് വർഷം" എന്ന യു.ഡി.എഫ് കാമ്പയിന് വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായത് നേതാക്കളിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. മിക്ക വാർഡിലും ജനകീയ സ്ഥാനാർഥികളെ നിർണ്ണയിക്കാൻ സാധിച്ചുവെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നു. ഇക്കുറി ജനറൽ സീറ്റാണ് ചെയർമാൻ സ്ഥാനത്തിനുള്ളത്. അതുകൊണ്ടുതന്നെ ടി.പി.ഷാജി ചെയർമാൻ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ ചർച്ചയും നടക്കുന്നുണ്ട്. ഇതുവരെയും മുന്നണികൾ ചെയർമാൻ സ്ഥാനാർത്ഥികളെ പാർട്ടികൾ പ്രഖ്യാപിച്ചിട്ടില്ല. വാർഡ് വിഭജനത്തിനുശേഷം ഒരു വാർഡ് കൂടിയിട്ടുണ്ട് പട്ടാമ്പി നഗരസഭയിൽ. കോൺഗ്രസിലെ മുൻ നഗരസഭാ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ സ്ഥിരമായി മത്സരിച്ചിരുന്ന വാർഡിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് ആയത് കൊണ്ട് സീറ്റ് മോഹികൾ പലരും രംഗത്ത് വന്നെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതെ തുടർന്ന് മൂന്ന് വാർഡിൽ റിബൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് യു.ഡി.എഫ് വിജയങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. അതേസമയം ചില വാർഡുകളിൽ വോട്ടിരട്ടിപ്പ് കണ്ടെത്തിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് പട്ടാമ്പിയിലെ യു.ഡി.എഫ് നേതൃത്വം.
കക്ഷിനില
ആകെ സീറ്റ്-28(2025ൽ 29 ആയി)
യു.ഡി.എഫ്-11,
എൽ.ഡി.എഫ്-10,
എൻ.ഡി.എ-01,
വീ ഫോർ പട്ടാമ്പി കൂട്ടായ്മ- 06
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |