പാലക്കാട്: കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒപ്പത്തിനൊപ്പം എത്തി ഭാഗ്യപരീക്ഷണത്തിലൂടെ ഭരണം നഷ്ടമായ പഞ്ചായത്തുകൾ തിരികെ പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും. നിലമെച്ചപ്പെടുത്താൻ ബി.ജെ.പിയും. പാലക്കാട് ജില്ലയിലാകെയുള്ള 88 പഞ്ചായത്തിൽ എട്ടെണ്ണത്തിലാണ് കഴിഞ്ഞതവണ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം എത്തിയത്. ശേഷം, നറുക്കെടുപ്പിലൂടെയാണ് ഇവിടങ്ങളിൽ ഭരണസമിതി അധികാരത്തിലെത്തിയത്. കരിമ്പുഴ, കാവശ്ശേരി, കുഴൽമന്ദം, മലമ്പുഴ, മങ്കര, നെന്മാറ, പറളി, കൊപ്പം എന്നീ എട്ടു പഞ്ചായത്തുകളാണ് ഇടതു വലതു മുന്നണികളെ ഒരുപോലെ വെള്ളംകുടിപ്പിച്ചത്.
നറുക്കെടുപ്പിൽ കരിമ്പുഴ, കുഴൽമന്ദം, നെന്മാറ, മങ്കര പഞ്ചായത്തുകൾ യു.ഡി.എഫ് നേടിയപ്പോൾ കാവശ്ശേരി, മലമ്പുഴ, പറളി, കൊപ്പം പഞ്ചായത്തുകൾ എൽ.ഡി.എഫിന് ലഭിച്ചു. കപ്പൂർ, മാത്തൂർ, പരതൂർ, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഓരോ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. 17 വാർഡുള്ള കാവശ്ശേരി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു മുതിർന്ന അംഗത്തിന്റെ വോട്ട് അസാധു ആയി.
വാണിയംകുളം, അമ്പലപ്പാറ, കേരളശ്ശേരി, അകത്തേത്തറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് ഇല്ല. ഈ നാല് പഞ്ചായത്തിലും ബി.ജെ.പിക്ക് ജനപ്രതിനിധികളുണ്ട്. കൊപ്പം പഞ്ചായത്തിൽ ഒരു സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. സാമൂഹ മാദ്ധ്യമങ്ങളിലൂടെയും പരമാവധി നേരിട്ടും കണ്ടും വികസന പ്രവർത്തനങ്ങൾ ബോധ്യപ്പെടുത്തിയും വോട്ടർമാരെ കൈയിലെടുക്കാനുള്ള തിരക്കിലാണ് മുന്നണികൾ. വ്യക്തമായ ഭൂരിപക്ഷമാണ് ഈ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ലക്ഷ്യം. മുൻ എം.എൽ.എ ആയിരുന്ന എം.വി.ഗോവിന്ദൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചാഞ്ഞതാണ് പെരുങ്ങോട്ടുകുറിശ്ശിയിലെ മത്സരരംഗം കൊഴുപ്പിക്കുന്നത്.
മുതലമട പഞ്ചായത്തിൽ അഞ്ചു വർഷത്തിനിടെ മൂന്ന് തവണയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാറിയത്. ആദ്യം എൽ.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്ന ഭരണസമിതിയെ കോൺഗ്രസിന്റെ പിന്തുണയോടെ തോൽപിച്ച് സ്വതന്ത്ര പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. പിന്നീട് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നു. കോൺഗ്രസിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ അവിശ്വാസം പാസായി.
നിലവിൽ ഇവർ എൽ.ഡി.എഫിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിൽ ആദിവാസി വിഭാഗങ്ങളും ഇത്തവണ മത്സരത്തിന് സാധ്യതകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |