ഇടതുപക്ഷം ഭരിക്കുന്ന പുതൂർ പഞ്ചായത്തിൽ ബി.ജെ.പി വലിയ ഒറ്റക്കക്ഷി
ഭരണം നിലനിറുത്താനുള്ള പെടാപ്പാടിൽ ബി.ജെ.പി
പിടിച്ചെടുക്കാൻ ബി.ജെ.പിയും കോൺഗ്രസും
അഗളി: അട്ടപ്പാടി മേഖലയിലും തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. ഇടതുപക്ഷം ഭരിക്കുന്ന പുതൂർ, ഷോളയൂർ, അഗളി പഞ്ചായത്തുകളിൽ ഇത്തവണ പോരാട്ടം തീപാറും. പുതൂർ പഞ്ചായത്തിൽ ആകെയുള്ള 13 വാർഡിൽ ബി.ജെ.പി 4, സി.പി.എം 3, സി.പി.ഐ 3, കോൺഗ്രസ് 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. സി.പി.ഐയിലെ ജ്യോതി അനിൽ കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്. ആദിവാസി മേഖലയായ ഇവിടെ ഏതാനും വർഷങ്ങൾക്കിടെ ഇടതു-വലതു മുന്നണികൾക്ക് വലിയ വോട്ടുചോർച്ച സംഭവിച്ചതും സി.പി.എമ്മിലെ മുതിർന്ന നേതാവായിരുന്ന തങ്കവേലു ബി.ജെ.പിയിൽ ചേർന്നതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായിരുന്നു. പഞ്ചായത്തിലെ വലിയ ഒറ്റകക്ഷിയാണ് ബി.ജെ.പി. ഇത്തവണ പഞ്ചായത്ത് ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. ഗൊട്ടിയാർക്കണ്ടി വാർഡ് കൂടി ചേരുന്നതോടെ ആകെ വാർഡുകളുടെ എണ്ണം 14 ആയി.
അതേസമയം ഷോളയൂർ, അഗളി പഞ്ചായത്തുകൾ ഏറെക്കുറെ ഇടതുകോട്ടയാണ്.ഷോളയൂരിൽ പഞ്ചായത്തിൽ ആകെയുള്ള 14 വാർഡിൽ സി.പി.എം 8, സി.പി.ഐ 3, കോൺഗ്രസ് 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. സി.പി.എമ്മിലെ പി.രാമമൂർത്തിയാണ് പ്രസിഡന്റ്. അഗളി പഞ്ചായത്തിൽ 21 വാർഡുകളിൽ സി.പി.എം 13, സി.പി.ഐ 1, കോൺഗ്രസ് 5, ബി.ജെ.പി 2 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.എമ്മിലെ അംബിക ലക്ഷ്മണനാണ് പ്രസിഡന്റ്. ഭരണതുടർച്ച പ്രതീക്ഷിക്കുന്ന എൽ.ഡി.എഫിന് ശക്തമായ വെല്ലുവിളിയൊരുക്കാനുള്ള പണിപ്പുരയിലാണ് യു.ഡി.എഫും എൻ.ഡി.എ യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം 3, സി.പി.ഐ 5, കോൺഗ്രസ് 3, ബി.ജെ.പി 1, എൻ.സി.പി 1 എന്നിങ്ങനെയാണ് കക്ഷിനില. സി.പി.ഐയിലെ മരുതി മുരുകനാണ് അദ്ധ്യക്ഷ. നെല്ലിപ്പതി വാർഡ് കൂടി ചേരുന്നതോടെ ഇവിടെ 14 വാർഡിലും മത്സരമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |