ആലത്തൂർ: വർത്തമാനകാലത്ത് ചരിത്രത്തെ വളച്ചൊടിക്കുന്നവരെയും യഥാർത്ഥ ചരിത്രത്തെ അപനിർമ്മിക്കുന്നവരെയും ആഞ്ഞുചവിട്ടുകയാണ് ചുവട്. എച്ച്.എച്ച്.എസ് വിഭാഗം നാടക മത്സരത്തിൽ ടി.ആർ.കെ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചുവട് എന്ന നാടകമാണ് സമകാലിക പ്രസക്തമായ രചനയും അവതരണവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടക ചങ്ങായീസ് എന്ന സൗഹൃദ കൂട്ടായ്മയിലെ ജെസ്സീ, റെജു, അശ്വിൻ, പാച്ചു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത നാടകം 64-ാമത് പാലക്കാട് റവന്യു ജില്ല കലോത്സവത്തിലെ സദസ് കരഘോഷങ്ങളോടെയാണ് ഏറ്റെടുത്തത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയോട് സാദൃശ്യമുള്ള ദൃശ്യാവിഷ്കാരമായിരുന്നു ചുവട്. ചവിട്ടുനാടകത്തിന്റെയും പള്ളി ബാൻഡ് സംഘത്തിന്റെയും പശ്ചാത്തലത്തിലാണ് ചുവടിന്റെ കഥ പറഞ്ഞിരിക്കുന്നത്. അർത്തുങ്കര പള്ളിയുടെയും പ്രദേശത്തിന്റെയും കല - സാസ്കാരിക ചരിത്രത്തെ അപനിർമ്മിക്കാൻ എത്തുന്ന പുത്തൻപണക്കാരായ ആളുകളെ കലാരൂപത്തിലൂടെ ചവിട്ടി പുറത്താക്കുന്നതാണ് കഥ. പള്ളീലച്ഛൻ, ഡേവീസ്, അന്തപ്പൻ, ലോനപ്പൻ, പുത്തൻ പണക്കാരൻ, കപ്പിയാര്, ത്രേസ്യാമ്മ, മീൻകാരൻ, കുഞ്ഞിമറിയ, മാലാഖ, പീലി പ്പാപ്പൻ എന്നിങ്ങനെയാണ് നാടകത്തിലെ കഥാപാത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |