വാളയാർ: സംസ്ഥാന ഫോറസ്റ്റ് ട്രെയിനിംഗ് സെന്ററിന്റെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഇടിഞ്ഞ് പൊളിഞ്ഞ നിലയിൽ. വാളയാറിൽ മുപ്പതോളം കെട്ടിടങ്ങളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഇരുപത് വർഷം മുമ്പ് അന്നത്തെ ആവശ്യത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളാണിത്. തുടക്കത്തിൽ എല്ലാ കെട്ടിടങ്ങളിലും താമസക്കാരുണ്ടായിരുന്നു. പഴയകാല രീതിയിൽ നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ആയതിനാൽ വനം ഉദ്യോഗസ്ഥർ പിന്നീട് ഇവിടെ താമസിക്കാതായി. കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടന്നു. അറ്റകുറ്റപ്പണികൾ ഉണ്ടായില്ല, കെട്ടിടങ്ങൾ ഇടിഞ്ഞ് പൊളിയുകയും പരിസരം കാട് പിടിക്കുയും ചെയ്തു. വെറുതെയിട്ട കെട്ടിടങ്ങൾ ഇഴ ജന്തുക്കളുടെ താവളമായി മാറി. ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി തൊട്ടടുത്ത് ആധുനിക രീതിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് വനം വകുപ്പ് ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തി. പഴയ കെട്ടിടങ്ങൾ ഇടിഞ്ഞ് പൊളിഞ്ഞ നിലയിൽ അതേപടി കിടക്കുകയും ചെയ്തു. 1961 ലാണ് വാളയാറിൽ ഫോറസ്റ്റ് സ്‌കൂൾ ആരംഭിച്ചത്. പിന്നീട് 2015ൽ സ്റ്റേറ്റ് ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തി. ഫോറസ്റ്റ് ഓഫീസർമാർക്കുള്ള വിവിധ പരിശീലനങ്ങളാണ് ഇവിടെ നൽകുന്നത്. ഡെപ്യൂട്ടി ഡയറക്ടർ, റെയിഞ്ചർ തസ്തികയിലുള്ള ഉദ്യോഗസ്ഥർ സ്ഥിരം ട്രെയിനർമാരായി ഉണ്ട്. ഡിപ്പാർട്ട്‌മെന്റിലും പുറത്തുമുള്ള വിഷയ വിദഗ്ദ്ധരും പരിശീലകരായി എത്താറുണ്ട്. ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ തന്നെയാണ് ഒരപശകുനം പോലെ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥർക്കും പരിശീലകർക്കും താമസിക്കാൻ വേറെ ക്വാർട്ടേഴ്സുകൾ ഉള്ളത് കൊണ്ട് വനം വകുപ്പ്, ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ക്വാർട്ടേഴ്സുകളെ കണ്ടില്ലെന്ന് നടിക്കുകയാണ്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതിനുള്ള ഒരു നടപടിയുമില്ല. കെട്ടിടങ്ങൾ പൊളിച്ച് നീക്കിയാൽ പറമ്പുകളിൽ മരങ്ങൾ വെച്ച് പിടിപ്പിക്കാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കിയാൽ വിവാദമാകുമോ എന്ന ഭീതിയുള്ളതിനാൽ അതും ചെയ്യാൻ കഴിയുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |