ചിറ്റൂർ: റോഡിന്റെ ശോച്യാവസ്ഥ മൂലംഏറെ അപകടങ്ങളും പ്രതിഷേധങ്ങളും ഉയർന്ന ഇരട്ടക്കുളം-ഗോപാലപുരം റോഡ് നവീകരണം ഇനിയും വൈകും. രണ്ടു വർഷത്തോളമായിട്ടും പ്രവർത്തികൾ നടത്താത്തതിനെ തുടർന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തിരുവനന്തപുരം കെ.ആർ.എഫ്.ബി പ്രൊജ്ര്രക് ഡയറക്ടർ ഓഫീസാണ് കരാറുകാരനെ നീക്കിയത്. ഇനി പുതിയ ടെണ്ടർ നടപടികൾക്ക് ശേഷമാകും റോഡിന്റെ നവീകരണ പ്രവർത്തികൾ നടക്കുക. കേരളതമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ ഭാഗമാണ് വർഷങ്ങളായി പൂർണമായും തകർന്നു കിടക്കുന്നത്. റോഡിൽ മിക്കയിടത്തും വലിയ കുഴികൾ രൂപാന്തരപ്പെട്ട് ഇരുചക്രവാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, ലൈൻ ബസുകൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ മാത്രം പത്തോളം പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ഓരോ അപകടവും നടക്കുമ്പോഴും രാഷ്ട്രീയ പാർട്ടിക്കാരുടേയും നാട്ടുകാരുടേയും റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് താൽക്കാലികമായി കുഴികളടയ്ക്കുന്ന പണികൾ ചെയ്തിരുന്നെങ്കിലും ദിവസങ്ങൾക്കകം അവ വീണ്ടും പഴയപടിയാകും.
2016-17 കാലയളവിലാണ് സംസ്ഥാന സർക്കാർ പാലക്കാട്‌പൊള്ളാച്ചി സംസ്ഥാനന്തര പാതയുടെ നവീകരണം ആസൂത്രണം ചെയ്തത്. പാലക്കാട് കൂട്ടുപാത മുതൽ തമിഴ്നാട് അതിർത്തിയായ ഗോപാലപുരം വരെ 25 കിലോമീറ്റർ ദൂരം നാലുവരിപ്പാതയാക്കാനും പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി വഴി ഫണ്ടനുവദിച്ച് നിർമ്മാണം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. കിഫ്ബിക്കു വേണ്ടി നിർമാണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) നേതൃത്വത്തിൽ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപകടങ്ങൾ പതിവായതോടെ ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ പാത നന്നാക്കാൻ മൂന്നരക്കോടി രൂപ അനുവദിച്ചിരുന്നു. പാലക്കാട് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കൂട്ടുപാത മുതൽ ഇരട്ടക്കുളം വരെയുള്ള റോഡ് നേരത്തെ തന്നെ നവീകരിച്ച് കഴിഞ്ഞിട്ടും ചിറ്റൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള 12 കിലോമീറ്റർ കരാറുകാരന്റെ കെടുകര്യസ്ഥതമൂലം ശോച്യാവസ്ഥയിൽ തുടരുകയാണ്. കരാർ റദ്ദാക്കി, കരാറുകാരനിൽ നിന്നും നഷ്ടം ഈടാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുകയും എത്രയും പെട്ടെന്ന് പുതിയ ടെൻഡർ ക്ഷണിച്ച് റോഡ് നവീകരികരണം ആരംഭിക്കുമെന്നും ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |