വാളയാർ: കള്ളക്കടത്ത് തടയാൻ കേരള അതിർത്തിയിൽ തമിഴ്നാടിന്റെ പുതിയ ചെക്‌പോസ്റ്റുകൾ. ദേശീയ പാതയിൽ കള്ളക്കടത്തും കവർച്ചയും പെരുകുന്ന സാഹചര്യം പരിഗണിച്ചാണ് വാളയാറിൽ അതിർത്തിക്ക് അപ്പുറത്ത് തമിഴ്നാടിന്റെ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചത്. വേലാന്താ വളത്തും തമിഴ്നാടിന്റെ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിരീക്ഷണ കാമറകളും മുഴുവൻ സമയം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ടാകും. നേരത്തെയും കോയമ്പത്തൂർ പൊലീസിന്റെ പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ വാളയാറിൽ എത്തിയിരുന്നത്. പരിശോധനകൾ ഒന്നുകൂടി കർശനമാക്കുന്നതിനായാണ് പുതിയ ചെക് പോസ്റ്റുകൾ സ്ഥാപിച്ചത്.
അതേസമയം കള്ളക്കടത്ത് തടയാൻ വാളയാർ അതിർത്തിക്കപ്പുറത്ത് തമിഴ്നാട് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചത് കൊണ്ട് കേരള പൊലീസിന്റെ ജോലിഭാരം കുറയാനുള്ള ഒരു സാഹചര്യം ഇല്ലെന്നതാണ് വസ്തുത. വാളയാറിൽ തമിഴ്നാട് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചത് മൂലം ഇതു വഴിയുള്ള കള്ളക്കടത്തിൽ വലിയ കുറവ് വരുമെന്ന് കരുതാനാവില്ല. നേരത്തെയും തമിഴ് നാട്ടിലെ വിവിധ പരിശോധനകൾ കഴിഞ്ഞാണ് കള്ളക്കടത്ത് വാഹനങ്ങൾ വാളയാർ എത്താറുളളത്. ഇങ്ങിനെ എത്തിയ നിരവധി വാഹനങ്ങൾ വാളയാർ പൊലീസ് പിടികൂടിയിട്ടുമുണ്ട്. മാത്രമല്ല ഊട് വഴികളിലൂടെ അതിർത്തി കടന്നെത്തുന്ന കള്ളക്കടത്ത് വാഹനങ്ങളുടെ പ്രയാണത്തിന് പുതിയ ചെക്ക് പോസ്റ്റുകൾ തടസമാവുകയേയില്ല.തമിഴ് നാടിന്റെ പുതിയ ചെക്‌പോസ്റ്റ് വന്നത് കൊണ്ട് വാളയാറിലേക്കെത്തുന്ന കള്ളക്കടത്ത് വാഹനങ്ങളിൽ കുറവുണ്ടാവുമോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാവുകയുള്ളു. അതിർത്തി കടന്നെത്തന്ന കള്ളക്കടത്ത് വാഹനങ്ങൾ തടയാൻ വാളയാർ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |