പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ എക്‌സൈസ് വകുപ്പ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 50 ദിവസത്തിനിടെ 334 കേസുകൾ രജിസ്റ്റർ ചെയ്തു. 275 പേർ അറസ്റ്റിലായി. നവംബർ 15 മുതൽ ജനുവരി അഞ്ച് വരെ നീണ്ടുനിന്ന പ്രത്യേക പരിശോധനകളിൽ 258 അബ്കാരി കേസുകളും 76 മയക്കുമരുന്ന് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ 13,541 ലിറ്റർ വാഷും 178.95 ലിറ്റർ ചാരായവും പിടിച്ചെടുത്തു. കൂടാതെ 1005.3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 4202 ലിറ്റർ കള്ളും കണ്ടെടുത്തു. മയക്കുമരുന്ന് വേട്ടയിൽ 115 കിലോയിലധികം കഞ്ചാവും 4020 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. 1100 ഗ്രാം ഹാഷിഷ് ഓയിലും 12.240 ഗ്രാം മെത്താഫിറ്റമിനും, 10 ഗ്രാം നൈട്രോസെപാം ഗുളികകൾ, 1000 ഗ്രാം ബ്യൂപ്രിനോർഫൈൻ ഗുളികകൾ, 1227 ഗ്രാം കഞ്ചാവ് മിഠായികൾ എന്നിവയും പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 1667 കേസുകൾ രജിസ്റ്റർ ചെയ്യുകയും 168 കിലോഗ്രാമിലധികം പുകയില ഉൽപ്പന്നങ്ങളും മൂന്ന് ഇസിഗരറ്റുകളും പിടിച്ചെടുക്കുകയും ചെയ്തു. 1740 കള്ള് ഷാപ്പുകൾ, 1331 നിയമപ്രകാരം കള്ള് കടത്തുന്ന വാഹനങ്ങൾ, 142 ബാറുകൾ, 39 ബീവറേജസ് ഷോപ്പുകൾ, നാല് ബിയർ പാർലറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. 368 കള്ള് സാമ്പിളും 46 ഇന്ത്യൻ നിർമ്മിത വിദേശ മദ്യസാമ്പിളും രാസപരിശോധനക്കായി എറണാകുളം കെമിക്കൽ ലാബിലേക്ക് അയച്ചു.
അടിമുടി പരിശോധന
സ്‌കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന നടത്തിയ കടകളുടെ ലൈസൻസ് റദ്ദാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. അഡീഷണൽ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം ടർഫുകൾ, ജിമ്മുകൾ, സ്പാകൾ, കൊറിയർ സ്ഥാപനങ്ങൾ, അന്തർ സംസ്ഥാന ബസുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് നടന്നത്. ആർ.പി.എഫുമായി ചേർന്ന് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും പൊലീസ്, തമിഴ്നാട് പൊലീസ്, ഫോറസ്റ്റ്, റവന്യൂ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത പരിശോധനകൾ തുടരുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.സതീഷ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലും ലേബർ ക്യാമ്പുകളിലും ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന തുടരാനും തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |