അലനല്ലൂർ: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചിലെ ടാറിംഗ് അടുത്തമാസം ആരംഭിക്കും. മലപ്പുറം ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറ മുതൽ പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ ചുങ്കംവരെ 18.1 കിലോമീറ്ററാണ് മലയോര ഹൈവേയുടെ ആദ്യറീച്ചിൽ ഉൾപ്പെടുന്നത്. ഇതിൽ കോട്ടോപ്പാടം മുതൽ ഭീമനാടുവരെയുള്ള രണ്ട് കിലോമീറ്റർ ആദ്യഘട്ട ടാറിംഗിനായി ഒരുക്കികഴിഞ്ഞു. എന്നാൽ, ടാർ ലഭിച്ചിട്ടില്ലെന്നതാണ് പ്രതിസന്ധി. രണ്ടാഴ്ചയ്ക്കുള്ളിൽ ടാർ എത്തുമെന്നും ഫെബ്രുവരി ആദ്യവാരത്തിൽ ടാറിംഗ് നടത്തുമെന്നും നവീകരണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.
മംഗലാപുരം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നാണ് ടാർ എത്തിക്കേണ്ടത്. കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെയുള്ള അഞ്ചു കിലോമീറ്ററിലാണ് നിലവിൽ ടാറിംഗ് പുരോഗമിക്കുന്നത്. ഇതിനായി ഉപരിതല പ്രവൃത്തികൾ വേഗം നടത്തിയെങ്കിലും ടാർ ലഭ്യതയിലുണ്ടായ കാലതാമസം തിരിച്ചടിയാവുകയായിരുന്നു. നവീകരണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗങ്ങളിൽ പൊടിശല്യവും വർദ്ധിച്ചിട്ടുണ്ട്. 91.4 കോടി രൂപ ചെലവിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണം. രണ്ടുവർഷമാണ് കരാർ കാലാവധി. 12 മീറ്റർ വീതിയിൽ മഴവെള്ളച്ചാലോട് കൂടിയാണ് റോഡ് നിർമ്മിക്കുക. ഇതിൽ ഒൻപതുമീറ്റർ വീതിയിലാണ് റോഡ് പൂർണമായും ടാറിംഗ് നടത്തുക. കഴിഞ്ഞ മേയ് മാസത്തിലാണ് കോൺക്രീറ്റ് പ്രവൃത്തികൾ തുടങ്ങിയത്. ഇതിനകം എട്ടുകിലോമീറ്ററിൽ അഴുക്കുചാലിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഒൻപത് കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയായി. കാര, പാലക്കാഴി ഭാഗങ്ങളിലാണ് നിലവിൽ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. അടുത്ത മഴക്കാലത്തിന് മുമ്പേ 15 കിലോമീറ്ററിൽ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കാനാണ് കെ.ആർ.എഫ്.ബി ലക്ഷ്യമിടുന്നത്. അഞ്ച് റീച്ചുകളായാണ് ജില്ലയിൽ മലയോര ഹൈവേ യാഥാർത്ഥ്യമാവുക. ഇതിൽ, ഗോപാലപുരത്തു നിന്ന് കന്നിമാരിമേടു വരെയാണ് രണ്ടാംറീച്ച് നിർമ്മിക്കുക. 14.86 കിലോമീറ്ററാണ് ദൂരം.
കന്നിമാരിമേട്ടിൽ നിന്ന് നെടുമണിവരെ മൂന്നാംറീച്ചും (17.73 കി.മീ), പനങ്ങാട്ടിരിയിൽ നിന്നും വിത്തനശ്ശേരിവരെ നാലാം റീച്ചും (7.057 കി.മീ.) അയിനംപാടത്തുനിന്ന് വടക്കഞ്ചേരി തങ്കം ജംഗ്ഷൻവരെ (15.21 കി.മി.) അഞ്ചാം റീച്ചും നിർമിക്കും. നാല് റീച്ചുകളിലെയും സർവേനടപടികൾ ഇപ്പോഴും പൂർത്തിയാകുന്നതേയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |