SignIn
Kerala Kaumudi Online
Thursday, 26 February 2026 4.29 PM IST

പാലക്കാടിന് പുത്തൻ കായിക വസന്തം; വരുന്നു കെസിഎ സ്പോർട്‌‌സ് ഹബ്ബ്

Increase Font Size Decrease Font Size Print Page
sports-hub

പാലക്കാട്: ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അത്യാധുനിക സ്‌പോർട്സ് ഹബ്ബിന് പാലക്കാട് തറക്കല്ലിടുന്നു. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളേജിന് പിന്നിലായി ഒരുങ്ങുന്ന സ്‌പോർട്സ് ഹബ്ബിന്റെ നിർമ്മാണോദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് നടക്കുന്നത്. അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ ഭൂമിയിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഏകദേശം 30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കായിക സമുച്ചയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

ഫ്ളഡ്‌ലൈറ്റ് സംവിധാനമുള്ള രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, അത്യാധുനിക ക്ലബ്ബ് ഹൗസ്, നീന്തൽകുളം, ബാസ്‌കറ്റ് ബോൾ കോർട്ട്, ഫുട്‌ബോൾ പിച്ചുകൾ എന്നിവയും സ്‌പോർട്സ് ഹബ്ബിന്റെ ഭാഗമായി നിർമ്മിക്കും. കായിക വികസനത്തോടൊപ്പം തന്നെ പ്രദേശത്തെ സാമ്പത്തിക പുരോഗതിയും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല വിവിധ തൊഴിലവസരങ്ങൾക്കും പ്രത്യേക മുൻഗണന നൽകുമെന്നതും ശ്രദ്ധേയമാണ്.

2018ൽ ആരംഭിച്ച പദ്ധതി കോവിഡ് പ്രതിസന്ധികളെത്തുടർന്നാണ് വൈകിയത്. രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ, സ്പ്രിങ്ക്ലർ സൗകര്യം എന്നിവയാണ്. ഇതിന്റെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. രണ്ടാം ഘട്ടത്തിലുള്ള മറ്റ് സൗകര്യങ്ങൾ 2027 ഏപ്രിലോടെ പൂർത്തിയാകും. നിലവിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം മാത്രമാണ് കേരളത്തിലെ ഏക സ്‌പോർട്സ് ഹബ്ബ്.

ഗ്രാമപ്രദേശങ്ങളിലെ കായിക പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് സ്‌പോർട്സ് ഹബ്ബ് സഹായിക്കുമെന്ന് കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായർ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷാണ് നിർമ്മാണോദ്ഘാടനം നിർവഹിക. സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി നായർ അദ്ധ്യക്ഷത വഹിക്കും. വികെ ശ്രീകണ്ഠൻ എംപി,​ എ പ്രഭാകരൻ എംഎൽഎ, പാലക്കാട് നഗരസഭാ ചെയർമാൻ പി സ്മിതേഷ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

TAGS: NEWS 360, SPORTS, PALAKKAD, LATESTNEWS, SPORTS HUB, KERALANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.