
മുതലമട: കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമട പഴയ മാമ്പഴക്കാല പ്രതാപത്തിലേക്ക് കർഷകരെത്തുമ്പോഴും മാങ്ങയ്ക്ക് യഥാർത്ഥ വില ലഭിയ്ക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ചെറുകിട കർഷകർ. പല ചെറുകിട കർഷകരും മാവിൻ തോട്ടം പാട്ടത്തിന് എടുത്താണ് കൃഷി ചെയ്യുന്നത്. മാങ്ങയ്ക്ക് വിപണിയിൽ നല്ല വില കിട്ടുമ്പോഴും ഇടനിലക്കാരുടെ ചൂഷണം മൂലം തങ്ങൾക്ക് യഥാർത്ഥ വിലയും ആധായവും ലഭിയ്ക്കുന്നില്ലെന്നാണ് ചെറുകിട കർഷകർ പറയുന്നത്. ഗ്രാമപഞ്ചായത്തിൽ പ്രതിദിനം 250 ടണ്ണിലധികം മാങ്ങാ കയറ്റുമതി ചെയ്യുന്നുണ്ട്. 6000 ഹെക്ടറിൽ 2000ലധികം കർഷകരാണ് മാങ്ങ കൃഷി ചെയ്യുന്നത്. ഇതിൽ 70% വും ചെറുകിട കർഷകരാണ്. ഉത്തരേന്ത്യയിൽ മുതലമട മാങ്ങയ്ക്ക് വൻ വില ലഭിയ്ക്കുമ്പോഴും മുതലമടയിൽ അതിന്റെ പകുതി പോലും ലഭിയ്ക്കുന്നില്ല. പല കാരണങ്ങൾ ചൂണ്ടികാണിച്ച് കുറച്ച് വൻകിട ഏജന്റുമാർ ചെറുകിട കർഷകരെ ചൂഷണം ചെയ്യുന്നുവെന്നാണ് കർഷകരുടെ പരാതി. മാങ്ങ കർഷകർക്കായി സംഘങ്ങൾ രൂപികരിച്ചിട്ടുണ്ടെങ്കിലും അവരും വില നിയന്ത്രണത്തിൽ ഇടപെടാറില്ല. കൂടാതെ സർക്കാരിന്റെ കൃഷി വകുപ്പും ഹോർട്ടി കോർപ്പും മാങ്ങ ഏറ്റെടുക്കാത്തതും കർഷകന് യഥാർത്ഥ വില ലഭിയ്ക്കാൻ തടസമാണ്.
5 വർഷത്തിന് ശേഷമാണ് കർഷകർക്ക് ആശ്വാസമാകുന്ന പഴയ പ്രൗഢഗംഭീരമായ മാമ്പഴക്കാലം മുതലമടയിൽ തിരിച്ചെത്തിയത്. ഇക്കുറി ഉത്തരേന്ത്യൻ വിപണി ഉൾപ്പെടെ ആഗോള വിപണി വൻ വില ലഭിച്ചാണ് മാമ്പഴ കർഷകർ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ യാഴയ്ച്ചകളിൽ അൽഫോൻസയ്ക്ക് 550 രൂപ വിലയുണ്ടായിരുന്നു. ആദ്യഘട്ടങ്ങളിൽ പ്രതികൂലമായിരുന്ന കാലാവസ്ഥ പിന്നീട് അനുകൂലമായതും മാങ്ങാകർഷകർക്ക് ആശ്വാസമേകി.
ഉത്തരേന്ത്യൻ വിപണിയിലേക്കു ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തേക്കും മുതലമടയിൽ നിന്ന് ഇക്കുറി മാങ്ങ ജനുവരിയിൽ തന്നെ കയറ്റുമതി ചെയ്തു തുടങ്ങി. 15000 ഓളം തൊഴിലാളികളണ് മുതലമടയിൽ മാങ്ങ കൃഷിക്കായി നിലകൊള്ളുന്നത്. ഡിസംബർ അവസാനത്തോടെ മാങ്ങയുടെ വിളവെടുപ്പ് തുടങ്ങിയതാണ് കർഷകർക്ക് മികച്ച വില ലഭിക്കാൻ ആയത്. വിപണികളിൽ ആദ്യമെത്തുക മുതലമടയുടെ മാങ്ങയാണ്. 45 ലധികം തരം മാങ്ങകളാണ് മുതലമടയിൽ ഉല്പാദിപ്പിക്കുന്നത്. പാക്കിങ്ങിനും തരംതിരിക്കുന്നതിനുമായി 250ലധികം സംഭരണ കേന്ദ്രങ്ങൾ മുതലമടയിൽ ഉണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ മാങ്ങയുടെ ഉത്പാദനം നടത്തുന്ന ഏക പഞ്ചായത്ത് ആണ് മുതലമട.വ ഇക്കുറിമാങ്ങയുടെ സംസ്ഥാന സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഇൻഷൂർ ചെയ്തിരിക്കുന്നത് 500 ഏക്കറിലധികം ഭൂമിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |