ചൂടിൽവാടി ക്ഷീരമേഖല; കാലിത്തീറ്റ വിലയും കൂടി

Sunday 03 May 2026 1:09 AM IST
cow

പാലക്കാട്: കൊടുംവേനലിൽ പാൽ ഉത്പാദനം കുത്തനെ കുറഞ്ഞതിനൊപ്പം കാലിത്തീറ്റ വില കൂടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായി ക്ഷീരമേഖല. പാലക്കാട് ജില്ലയിൽ പാലിന്റെ ഉൽപാദനത്തിൽ 40 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചൂട് മൂലമുള്ള ഹീറ്റ് സ്‌ട്രെസ് വ്യാപകമായതോടെ തീറ്റയെടുക്കൽ കുറയുക, ശരീര താപനില ഉയരുക തുടങ്ങിയ പ്രശ്നങ്ങൾ കന്നുകാലികളിൽ വ്യാപകമാണ്. പച്ചപ്പുല്ല് കിട്ടാനില്ലാത്തതിനാൽ വൈക്കോലാണ് നിലവിൽ നൽകുന്നത്. വൈക്കോൽ ശരീരത്തിന് ചൂടായതിനാൽ കന്നുകാലികൾ തീറ്റയെടുക്കലും കുറവാണ്. വൈക്കോലിന് കെട്ടിന് 200- 250 രൂപയാണ് വില. കാലിത്തീറ്റക്കും വില വർദ്ധിച്ചു. 1100 രൂപ ഉണ്ടായിരുന്ന മിൽമയുടെ ഫീഡിന് 1,250 രൂപയായി. കേരള സർക്കാർ ഉത്പാദിപ്പിക്കുന്ന കെ.എസ് സുപ്രീം കാലിത്തീറ്റയ്ക്ക് 60 രൂപ വർദ്ധിച്ച് 1460 ആയി. മൊത്തത്തിൽ ഉൽപാദന ചെലവ് വർദ്ധിച്ചെന്നാണ് ജില്ലയിലെ ക്ഷീര കർഷകർ പറയുന്നത്. കുളിപ്പിക്കുന്നതിനടക്കം ഒരു പശുവിന് ഒരു ദിവസം ഏകദേശം 100-150 ലിറ്റർ വെള്ളം വേണം. ജില്ലയിൽ ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വലിയ പതിസന്ധി വെള്ളതിന്റെതാണ്. ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ട് പശുക്കളും ഒരു ആടും ചൂടിന്റെ ആഘാതം മൂലം ചത്തതായി കർഷകരും സംഘടനകളും വ്യക്തമാക്കുന്നു. കടുത്ത ചൂടും ഉത്പാദന ചെലവും വർദ്ധിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് കർഷകർ പറയുന്നത്.

പുല്ല് കിട്ടാനില്ല. വൈക്കോലിനും കാലിതീറ്റയ്ക്കും വില വർദ്ധിച്ചു. മിൽമയുടെ കാലിത്തീറ്റ നൽകിയാൽ പാൽ കുറയും. അതിനാൽ കെ.എസ് സുപ്രീമാണ് നൽകുന്നത്. പാലിന് ലിറ്ററിന് 40-41 രൂപയാണ് സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നത്. വല്ലപ്പോഴും മാത്രമേ 42 ആവാറുള്ളു. ചൂടിൽ ഒരു മാസം മുൻപ് ഒരു പശു ചത്തുപോയി. അതിനു ശേഷം ശരീരത്തിലെ ചൂട് കുറയാനായി പശുക്കളെ 3 നേരം കുളിപ്പിക്കും. മൊത്തത്തിൽ ഉത്പാദന ചിലവ് വർദ്ധിച്ചു. സർക്കാർ കാലിതീറ്റക്ക് സബ്സിഡി നൽകുകയും പാൽ വില വർദ്ധിപ്പിക്കുകയും വേണം. കെ.ശശികുമാർ,​ ക്ഷീരകർഷകൻ, കൊഴിഞ്ഞാംപാറ