മണ്ണാർക്കാട്: ഒരിടവേളയ്ക്ക് ശേഷം മലയോര മേഖല വീണ്ടും പുലിപ്പേടിയിൽ. വേനൽ കനത്തതോടെ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി കാടിറങ്ങുന്നത് പതിവായിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ രണ്ടോടെ കോട്ടോപ്പാടം മേക്കളപ്പാറ കുന്തിപ്പാടം പൂവത്താനിയിൽ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. അഞ്ചുമണിക്കൂറോളം മുൻകാൽ കൂടിന്റെ ഇരുമ്പുവലയിൽ കുടുങ്ങി, പിൻകാലുകൾ നിലത്ത് മുട്ടാതെ കുരുങ്ങിക്കിടന്ന നാലുവയസുള്ള ആൺപുലി അവശനായി ചത്തു.
കോഴികളുടെ കരച്ചിലും വളർത്തുനായ്ക്കളുടെ കുരയും കേട്ട് പുറത്തിറങ്ങിയ ഫിലിപ്പ് കൂട് പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. നൂറോളം കോഴികളുള്ള കൂടിന്റെ ഇരുമ്പുവാതിൽ തുറന്നപ്പോൾ പുലി ചാടാൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ ഫിലിപ്പ് ഓടി രക്ഷപ്പെട്ടു. കൂടിന്റെ വാതിൽ പൂട്ടി വിവരമറിയിച്ചതോടെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ദ്രുത കർമസേനയും പൊലീസും സ്ഥലത്തെത്തി. ആളുകൾ തടിച്ചുകൂടിയതോടെ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചു.
കൂടുമൂടി വലകെട്ടി സുരക്ഷ
ആളുകളെ കാണുമ്പോൾ അക്രമാസക്തനാകുന്ന പുലിയുടെ കാഴ്ച മറയ്ക്കുന്നതിനായി ടാർപോളിൻ കൊണ്ട് കൂട് മൂടി ചുറ്റും വല കെട്ടി. പുലിയെ മയക്കുവെടി വച്ച് പിടിക്കാൻ വയനാട്ടിൽ നിന്നുള്ള സംഘം പുറപ്പെട്ടെങ്കിലും രാവിലെ ഏഴോടെ ചാവുകയായിരുന്നു. കൂട്ടിൽ നിന്ന് ശബ്ദവും അനക്കവും കേൾക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പുലി അനക്കമറ്റ് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. കാൽ വലിച്ചൂരി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയ പുലിയുടെ വലത് കാൽ മുട്ടിന് താഴെ മുറിവുണ്ടായിരുന്നു. കട്ടർ ഉപയോഗിച്ച് വല മുറിച്ചാണ് ജഡം പുറത്തെടുത്തത്. തുടർന്ന് ഷീറ്റിൽ പൊതിഞ്ഞ് പോസ്റ്റുമോർട്ടത്തിനായി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.
ചത്തത് ക്യാപ്ചർ മയോപ്പതി മൂലം
ക്യാപ്ചർ മയോപ്പതി കാരണമാണ് പുലി ചത്തതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയുമാണ് ഇതുമൂലം സംഭവിക്കുക. വലതുകാലിന്റെ രണ്ട് അസ്ഥികൾക്ക് പൊട്ടലുമുണ്ടെന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ വനം ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ പറഞ്ഞു. ഡോ.ഡേവിഡ്, ഡോ.അബിൻരാജ്, ഡോ.എസ്.ഹരികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അസിസ്റ്റന്റ് വനം കൺസർവേറ്റർ ഡി.പ്രദീപ്, റേഞ്ച് ഓഫീസർ എൻ.സുബൈർ, ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ശിവപ്രസാദ്, ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ റസാഖ്, ദ്രുതകർമ്മ സേനയുടെ ചുമതലയുള്ള ഗ്രേഡ് ഡപ്യൂട്ടി റേഞ്ചർ വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മേൽനടപടികൾ സ്വീകരിച്ചത്.
വന്യമൃഗ ശല്യം പരിഹരിക്കണം
മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരാഴ്ച മുമ്പ് കൈതച്ചിറ ജനവാസ മേഖലയിൽ പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടതായി കാറിൽ യാത്ര ചെയ്തിരുന്ന യുവാക്കൾ പറഞ്ഞിരുന്നു. ഒരു മാസം മുമ്പ് പ്രദേശത്തെ വളർത്തു നായയെയും പുലി കൊന്നിരുന്നു. വിഷയത്തിൽ വനപാലകർ വേണ്ട ഇടപെടൽ നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. പതിവായി വന്യമൃഗങ്ങൾ കാടിറങ്ങുന്നതിൽ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, വൈസ് പ്രസിഡന്റ് ശശികുമാർ ഭീമനാട്, സ്ഥിരസമിതി അദ്ധ്യക്ഷരായ പാറയിൽ മുഹമ്മദാലി, റജീന കോഴിശ്ശേരി, റഫീന മുത്തനിൽ, പഞ്ചായത്തംഗങ്ങളായ നിജോ വർഗീസ്, റുബീന ചോലയ്ക്കൽ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |