തൃത്താല: മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി കള്ളന്മാർ വിലസുന്നു. ഒരാഴ്ചക്കിടെ പ്രദേശത്തെ അഞ്ച് വീടുകളിലാണ് കവർച്ച നടന്നത്. കള്ളന്മാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
കുമ്പിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. മേലഴിയം മണികണ്ഠന്റെ വീട്ടിലെ രണ്ട് മോട്ടോറുകളും ഒരു കംപ്രസർ മോട്ടോറുമാണ് മോഷണം പോയത്. സമീപത്തെ താമി, ഭാസ്കരൻ എന്നിവരുടെ വീടുകളിലെ വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും മോഷണം പോയി. പ്രദേശത്തെ ബാലന്റെ വീട്ടിൽ നിന്ന് ഒരു ചാക്ക് അടയ്ക്കയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കുമരനെല്ലൂർ വലിയപീടികയിൽ മെയ്തീൻകുട്ടിയുടെ വീട് കുത്തി തുറന്നും മോഷണം ശ്രമമുണ്ടായി. വീടിന്റെ പിൻവാതിൽ വഴി കയറിയ കള്ളൻ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി വാതിൽ കുത്തിപ്പൊളിക്കുകയായിരുന്നു. വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും മോഷണശ്രമമെന്ന് മനസിലാക്കാനായില്ല. വീട്ടുകാർ ഉണർന്നു എന്ന് മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഞാങ്ങാട്ടിരി ഭാഗത്ത് സുരേന്ദ്രന്റെ വീട്ടിൽ നിന്നും അടയ്ക്ക മോഷണം പോയി. മോഷണം തുടർക്കഥയായതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷണം തടയാനോ കള്ളന്മാരെ പിടികൂടാനോ സാധിച്ചിട്ടില്ല. പൊലീസ് രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടൂരും മോഷണം തുടർക്കഥ
മുണ്ടൂർ: മേഖലയിലും മോഷണം തുടർക്കഥയാവുന്നു. മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ രണ്ടുമാസത്തിനുള്ളിൽ ഒരു ഡസനിലധികം മോഷണം നടന്നു. മിക്കയിടങ്ങളിലും ആറായിരം മുതൽ 10,000 രൂപ വരെ നഷ്ടമായി. ഉൾ ഗ്രാമങ്ങളിൽ നിന്ന് റബർ ഷീറ്റ്, ചാക്കിൽ നിറച്ച അടയ്ക്ക, തേങ്ങ എന്നിവയാണ് കളവ് പോകുന്നത്. കല്ലടിക്കോട്, കോങ്ങാട് സ്റ്റേഷൻ പരിധികളിലാണിത്.
കോങ്ങാട് സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ പരിധിയിൽ പട്ടാപ്പകൽ എട്ടുപവൻ സ്വർണാഭരണം കവർന്ന പ്രതിയെ പിടികൂടിയെങ്കിലും തൊണ്ടി മുതൽ കണ്ടെത്തിയില്ല. കഴിഞ്ഞ ദിവസം മുണ്ടൂർ പൊരിയാനിയിൽ ദേശീയപാതയിലെ മൂന്നുകടകളിൽ കള്ളൻ കയറി. ചിങ്ങത്ത് പ്രബിന്റെ പുക പരിശോധന കേന്ദ്രത്തിന്റെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് 10,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു. ഓമന വിഹാറിൽ ബൈജുവിന്റെ പലചരക്ക് കടയിലും കള്ളൻ കയറി. കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |