കോഴഞ്ചേരി : സാംസ്കാരിക വകുപ്പിൽ നിന്ന് പള്ളിയോട സേവാസംഘത്തിന് നൽകുന്ന ഗ്രാൻഡ് വർദ്ധിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ സംയുക്ത പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പമ്പയാറിന്റെ തീരം മാന്നാർ മുതൽ ആറന്മുള വരെ പഠനം നടത്തി ടൂറിസം കേന്ദ്രങ്ങൾ, ബോട്ട് യാത്ര തുടങ്ങിയവ നടപ്പിലാക്കുന്നതിലേക്കുള്ള പദ്ധതി തയ്യാറാക്കി എന്നും ഈ മന്ത്രിസഭാ കാലത്ത് നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. കോറ്റാത്തൂർ പള്ളിയോടത്തിന് 2025ലെ അഡ്വാൻസ് ഗ്രാൻഡ് തുകയുടെ ചെക്ക് കൈമാറി മന്ത്രി പള്ളിയോടങ്ങൾക്കുള്ള ഈ വർഷത്തെ ഗ്രാൻഡ് വിതരണം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട വിസ്മയദർശനം എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ആറന്മുള ക്ഷേത്രവും, വള്ളംകളി, വള്ളസദ്യ തുടങ്ങിയ അനുബന്ധ ചടങ്ങുകളും 35 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വഞ്ചിപ്പാട്ട് സോപാനം പന്തലിലും പാഞ്ചജന്യം ഓഡിറ്റോറിയത്തിലും വള്ളസദ്യ കാലയളവിൽ ഡോക്യുമെൻറ്റി പ്രദർശിപ്പിക്കും. സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ട്രഷറർ രമേഷ് മാലിന്മേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ.സന്തോഷ്, ടി.കെ.രവീന്ദ്രൻ നായർ, സുരേഷ് കുമാർ പുതുക്കുളങ്ങര, പാർത്ഥസാരഥി പിള്ള, മുരളി ജി.പിള്ള, അജി ആർ നായർ, രഘുനാഥ് കോയിപ്പുറം, വിജയകുമാർ ചുങ്കത്തിൽ, ഡോക്ടർ സുരേഷ്, എം.കെ.ശശികുമാർ, ബി.കൃഷ്ണകുമാർ, അനൂപ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |