തൊടുപുഴ: വോട്ടർമാർ രാവിലെ മുതൽ പോളിംഗ് ബൂത്തിൽ കൂളായി എത്തുമെങ്കിലും സ്ഥാനാർത്ഥികൾ പലരും ഇന്ന് അത്ര കൂളായിരിക്കില്ല. പുറമെ ചിരിച്ച് കൈവീശി നിൽക്കുമ്പോഴും ആര് നേടുമെന്ന ആധിയാകും ഉള്ളുനിറയെ. ഇന്നലെ വരെ കൂട്ടലും കിഴിക്കലും നടത്തി, സ്വയം ഭൂരിപക്ഷമെന്ന് ധരിച്ചിരിക്കുന്ന മുന്നണികൾക്കിടയിലൂടെ കൃത്യമായ നിലപാടുകളുമായാണ് വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിൽ എത്തുക. പരമ്പരാഗത രാഷ്ട്രീയ വോട്ടുകൾ മാറ്റി നിറുത്തിയാൽ, ഇത്തവണ ആർക്ക് ചെയ്യണമെന്ന് ജനം നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. അവരത് കൃത്യമായി വിനിയോഗിക്കും. എന്നാൽ വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥികളോടെല്ലാം ഒരു പോലെ ഇടപെടുകയും ചെയ്യും. ഇതാണ് സ്ഥാനാർത്ഥികൾ അത്ര കൂളാവാതിരിക്കാനുള്ള കാരണവും. എത്ര കണക്കുകൂട്ടലുകൾ നടത്തിയാലും വോട്ടറുടെ മനസ് കൃത്യമായി അറിഞ്ഞില്ലെങ്കിൽ വോട്ടെണ്ണലിൽ സ്ഥാനാർത്ഥികളുടെ പൾസ് കൂടുമെന്നുറപ്പാണ്. യുവ വോട്ടർമാർ ബഹുഭൂരിപക്ഷവും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണ്. രാഷ്ട്രീയപാർട്ടികൾക്കും ചിഹ്നങ്ങൾക്കുമപ്പുറം സ്ഥാനാർത്ഥിയുടെ കാര്യശേഷി നോക്കിയാവും യുവത വോട്ടിടുക. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഇത് നിർണായകമായതിനാൽ പല വാർഡുകളിലും ഇന്ന് പകൽ മുഴുവൻ സ്ഥാനാർത്ഥികൾ വിയർക്കുമെന്നുറപ്പാണ്. ബ്ലോക്ക്- ജില്ലാ ഡിവിഷനുകളിലും രാഷ്ട്രീയത്തിനൊപ്പം വികസനവും ചർച്ചയാകും. അതിനാൽ ജനപ്രതിനിധിയെന്ന നിലയിൽ ആസ്തി വികസന ഫണ്ടുകൾ അടക്കമുള്ളവ കൃത്യമായി വിനിയോഗിക്കാൻ കഴിയുന്നവർക്കേ വോട്ട് കിട്ടികയുള്ളൂവെന്നത് ഉറപ്പാണ്.
സ്ലിപ്പുമായി
ഓട്ടപ്പാച്ചിൽ
പരസ്യപ്രചരണം ഞായറാഴ്ച വൈകിട്ട് ആറിന് അവസാനിച്ചതിനാൽ ഇന്നലെ സ്ഥാനാർത്ഥികൾ ഓട്ടപ്പാച്ചിലിലായിരുന്നു. സ്ലീപ്പ് വിതരണം ചെയ്യാനുള്ള വീടുകളിൽ ഒരിക്കൽ കൂടി നേരിട്ടെത്തി. കവലകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ ഒറ്റയ്ക്ക് വാഹനങ്ങളിലും മറ്റും കറങ്ങി വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്തു. ഇന്നലെ രാത്രിയിൽ ബൂത്ത് കെട്ടലിനൊപ്പം ഒരിക്കൽ കൂടി വാർഡിലെ സാദ്ധ്യതകൾ ചർച്ച ചെയ്ത് അർദ്ധരാത്രി പിന്നിട്ട ശേഷമാണ് ഭൂരിപക്ഷം സ്ഥാനാർത്ഥികളും പിരിഞ്ഞത്. എതിരാളികൾ ദുർബലമായ വാർഡുകളിൽ അധികം കൂട്ടിക്കിഴിക്കലുകൾ നടത്തിയിട്ടില്ല.
'ഓസികൾക്ക് " ഇന്ന് കോളാണ്
പ്രത്യേക പണിയൊന്നുമില്ലാതെ നാട്ടിൻപുറങ്ങളിലെ കടത്തിണ്ണയിലും കലുങ്കിലുമിരുന്ന് വായിനോക്കുന്നവർക്ക് ഇന്ന് ഒരു രൂപ ചെലവില്ലാതെ അടിച്ചു പൊളിക്കാം. ഇന്നത്തെ ചെലവെല്ലാം സ്ഥാനാർത്ഥിയുടെ അക്കൗണ്ടിലാണ്. കുളിച്ച് റെഡിയായി വെറുതെ സൊറ പറഞ്ഞ് ബൂത്തിൽ ഇരുന്നാൽ മാത്രം മതി. നാലു നേരം ശാപ്പാടും വണ്ടിക്കുള്ള ഇഡനവുമടക്കം എല്ലാം സൗജന്യമായിരിക്കും. ഇനി കൈയിൽ നിന്ന് അൽപം കാശ് ചെലവായാലും കണക്കുപറയാൻ നിൽക്കാതെ പാർട്ടിക്കാരോ സ്ഥാനാർത്ഥികളോ പണം നൽകും. ചിലർ ഇത് മുതലാക്കാൻ അവസാന നിമിഷം വരെ വോട്ട് ചെയ്യാതെ നടന്നും പരോക്ഷ വിലപേശലിലൂടെ കൂടുതൽ ആനുകൂല്യങ്ങൾ നേടാൻ ശ്രമിക്കും. മദ്യശാലകൾക്ക് അവധിയായതിനാൽ മുൻകൂർ സ്റ്റോക്ക് ചെയ്ത 'സാധന"മുണ്ടെന്നറിഞ്ഞാൽ അത്യാവശ്യം രണ്ടെണ്ണമടിച്ച് മിനുങ്ങാനും ഇവർക്ക് മടിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |