കോഴഞ്ചേരി : ആറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് യാത്ര തിരിക്കും. തിരുവോണനാളിൽ പുലർച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തും. നീരണിഞ്ഞതിന് ശേഷം ഇന്നലെ ആറന്മുളയിൽ നിന്ന് കാട്ടൂരിലേക്ക് തിരിച്ച തിരുവോണത്തോണിക്ക് ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രേവതി , ക്ഷേത്രോപദേശക സമിതി സെക്രട്ടറി ശശി കണ്ണങ്കേരിൽ എന്നിവർ വെറ്റ,പുകയില നല്കി യാത്രയാക്കി. കാട്ടൂരിലെത്തിയ തോണി ഇന്ന് രാവിലെ മൂക്കന്നൂർ കടവിലെത്തിച്ച് കുളിപ്പിയ്ക്കും. തുടർന്ന് ഉത്രാടസന്ധ്യയിൽ വൈകുന്നേരത്തോടെ നെല്ല് ഉരലിൽ കുത്തിയെടുത്ത അരിയും ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കുമാരനല്ലൂർ മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ യാത്ര തിരിക്കും. പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂർ മഠത്തിലും മേലുകര വെച്ചൂർ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കും. തുടർന്ന് വെളുപ്പിനെ ക്ഷേത്രക്കടവിലെത്തുന്ന തോണിയിൽ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലിൽ കൊളുത്തും. തുടർന്ന് ഓണസദ്യയൊരുക്കി വിളമ്പി പ്രത്യേക പൂജ നടത്തി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂർക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |