പത്തനംതിട്ട : ഓണാഘോഷങ്ങൾ കഴിഞ്ഞതോടെ ജില്ലയിലെ വഴിയോരങ്ങളിൽ മാലിന്യം നിറയുകയാണ്. എം.സി.എഫുകളും നിറഞ്ഞുകവിഞ്ഞു. ഇടവഴികളിലടക്കം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നു. ആഘോഷങ്ങൾക്ക് ഉപയോഗിച്ച ഇലകളും ഗ്ലാസുകളുമെല്ലാം വഴിയരികിലുണ്ട്. അത്തപ്പൂക്കളത്തിന് ഉപയോഗിച്ച വാടിയ പൂക്കളും കാണാനാകും. പലയിടങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിപ്പ് നൽകിയിട്ടും ആളുകൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
ഭക്ഷണ മാലിന്യവും മാംസാവശിഷ്ടങ്ങളുമെല്ലാം രാത്രിയുടെ മറവിൽ നഗരത്തിൽ തള്ളുന്നവരുണ്ട്. മാലിന്യം വർദ്ധിക്കുന്നതിനൊപ്പം തെരുവ് നായശല്യവും രൂക്ഷമാണ്. കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രികരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പിടികൂടുന്നവരിൽ പിഴ ഈടാക്കുന്നുണ്ടെങ്കിലും മാലിന്യം തെരുവോരങ്ങളിൽ തള്ളുന്നവരുടെ എണ്ണത്തിൽ കുറവില്ല.
മൂക്കുപൊത്തിക്കും പത്തനംതിട്ട പഴയ ബസ് സ്റ്രാൻഡ്
പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിലേക്ക് കടക്കുമ്പോൾ തന്നെ മൂക്ക് പൊത്തേണ്ടിവരും. തുമ്പൂർമൂഴി യൂണിറ്രിൽ നിന്ന് മാലിന്യം നിറഞ്ഞ് പുറത്തേക്ക് കിടക്കുകയാണ്. ഇവിടെ മാലിന്യ സംസ്കരണം ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ മുൻപ് നിക്ഷേപിച്ച മാലിന്യങ്ങളുടെ ദുർഗന്ധം രൂക്ഷമാണ്. നഗരസഭയുടെ ചുമതലയുള്ള പാർക്കിംഗ് ഏരിയ കൂടിയാണിത്.
സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുമ്പൂർമൂഴി യൂണിറ്റിന് സമീപമാണ്. നാറ്റം കാരണം ഇവിടെ വഴി നടക്കാൻ പറ്റില്ല. വ്യാപാരികളുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ മാലിന്യം നിക്ഷേപിക്കാത്തത്. ഓട്ടോ സ്റ്റാൻഡും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടുണ്ട്.
സുനിൽ,
വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |