റാന്നി: എസ്.എൻ.ഡി.പിയോഗം ഇന്ന് സംഘടനാപരമായും വിദ്യാഭ്യാസ പരമായും വ്യാവസായികമായും മുന്നേറ്റത്തിന്റെ പാതയിലാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന നേതൃസംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. ആർ.ശങ്കറിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യോഗം സർവതലസ്പർശിയായ പുരോഗതിയാണ് കൈവരിച്ചത്. എന്നാൽ സംഘടനാപരമായ ഈ മുന്നേറ്റത്തെ തടയാനും തകർക്കാനുമാണ് ചില ഛിദ്രശക്തികൾ ശ്രമിക്കുന്നത്. മൈക്രോഫിനാൻസിന്റെ പേരിൽ വൻതട്ടിപ്പ് നടന്നുവെന്ന തരത്തിൽ കള്ളപ്രചാരണം നടത്തുകയാണ്. സുതാര്യമായ പ്രവർത്തനമാണ് യോഗത്തിന്റേത്. സംഘടനയെ ചതിക്കാനും ഇല്ലാതാക്കാനും ചില ശ്രമിങ്ങൾ നടക്കുന്നുണ്ട്. അതിനെ സംഘടനാപരമായി നേരിടും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യോഗ നേതൃത്വത്തിനില്ല. ഗുരുദേവ ദർശനങ്ങളെ വളച്ചൊടിച്ച് ചിലർ അപവാദ പ്രചാരണം നടത്തുന്നു. സംഘടന കൊണ്ട് ശക്തരാകാനാണ് ഗുരു നമ്മെ പഠിപ്പിച്ചത്. അവകാശങ്ങൾ ചോദിക്കുമ്പോൾ നമ്മളോട് മതേതരത്വം പറയുന്നവർ സംഘടിതമതങ്ങൾക്കു മുന്നിൽ മുട്ടുമടക്കുകയാണ്. സംഘടനാപ്രവർത്തനം ശക്തവും വ്യാപകവുമാക്കി ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യണമെന്നും തുഷാർ വെള്ളപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |