റാന്നി പെരുനാട് : റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ പത്താംവാർഡ് മണക്കയം ബിമ്മരം ഉന്നതി നിവാസികൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്ത്രീകളും കൊച്ചുകുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ഗ്രാമവാസികൾ പ്രതിഷേധ ജാഥയായെത്തി പഞ്ചായത്ത് കവാടം ഉപരോധിക്കുകയായിരുന്നു.
മണക്കയത്ത് നിന്ന് ബിമ്മരത്തേക്കുള്ള റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ റോഡിന്റെ ഒരു ഭാഗം പൂർണമായി നശിച്ചു. 80 കുടുംബങ്ങളുള്ള ഉന്നതി പൂർണമായും ഒറ്റപ്പെട്ട നിലയിലാണിപ്പോൾ. റോഡിന്റെ തകർച്ച മൂലം പലപ്പോഴും ആംബുലൻസിന്റെയോ മറ്റ് വാഹനങ്ങളുടെയോ സേവനം ലഭിക്കാതെയും വരുന്നു.
നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് നാട്ടുകാർ ഉപരോധസമരം നടത്തിയത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബിമ്മരം റോഡ് പുതുക്കിപ്പണിയാൻ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ല. ഉടൻ നിർമ്മാണം തുടങ്ങാമെന്ന് എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉറപ്പ് നൽകിയിട്ടും പണി തുടങ്ങാതെ വന്നതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായത്. പ്രസാദ്.എമ്മിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ വിജയൻ.കെ.കെ ഉദ്ഘാടനം ചെയ്തു. സത്യൻ.വി.എസ്, ദേവകി ശശി എന്നിവർ പ്രസംഗിച്ചു.
ഉരുൾപൊട്ടലിൽ തകർന്ന റോഡ്, ഒറ്റപ്പെട്ട് 80 കുടുംബങ്ങൾ
അധികൃതർ ഉറപ്പ് പാലിക്കാത്തത് പ്രതിഷേധത്തിന് കാരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |