പ്രമാടം : പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി -പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ- വള്ളിക്കോട് ചള്ളംവേലിപ്പടി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഏഴ് കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ ടാറിംഗും മറ്റ് വികസന പ്രവർത്തനങ്ങളും പൂ ർത്തിയായി. ചെറിയ തോതിലുള്ള അനുബന്ധ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതും വേഗത്തിൽ പൂർത്തീകരിച്ച് ഈ മാസം തന്നെ റോഡ് നാടിന് സമർപ്പിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് റോഡ് വികസനം സാദ്ധ്യമായത്. പഞ്ചായത്ത് റോഡ് ഉൾപ്പെടെ പൊതുമാരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിച്ചായിരുന്നു വികസനം.
പൂങ്കാവിൽ നിന്നും അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി ഈ റോഡ് മാറും. വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന രീതിയിലാണ് റോഡ് പുനർനിർമ്മിച്ചത്. റോഡ് തുറന്നുനൽകുന്നതോടെ വള്ളിക്കോടുകാർക്ക് അഴൂർ, കൊടുന്തറ വഴി ചുറ്റിക്കറങ്ങാതെ പ്രമാടം പാറക്കടവ് പാലം വഴി വേഗത്തിൽ പത്തനംതിട്ടയിൽ എത്തിച്ചേരാൻ കഴിയും. പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി, കൊടുമൺ, അടൂർ ഭാഗത്തേക്കും ഇത് എളുപ്പവഴിയായി ഉപയോഗിക്കാം. പ്രമാടം പഞ്ചായത്തിൽ നിന്നും പത്തനംതിട്ട നഗരത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. പത്തനംതിട്ടയിൽ നിന്നും മറൂർ ആൽ ജംഗ്ഷനിൽ നിന്നും പൂങ്കാവിൽ പോകാതെ വാഴമുട്ടം വഴി വള്ളിക്കോട് -ചന്ദനപ്പള്ളി ഭാഗത്തേക്കും ഇരപ്പുകുഴി വഴി സംസ്ഥാന പാതയിലെ മല്ലശേരിമുക്കിലേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയും
ചെലവ് : 7 കോടി രൂപ
ദൂരം : നാലര കിലോമീറ്റർ.
നിലവാരം : ബി.എം ആൻഡ് ബി.സി.
കലുങ്കുകൾ : 6
ഓട : 1350 മീറ്റർ.
ഐറിഷ് ഓട : 2830 മീറ്റർ.
പൈപ്പ് കൽവർട്ട് : ഒന്ന്.
ടാറിംഗ് : 5.5 മീറ്റർ വീതിയിൽ.
പഴയ വീതി : 3.5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |