പത്തനംതിട്ട : " അവർ എന്നെ ഉപദ്രവിക്കാറില്ല , പക്ഷേ വാക്കുകൾ കൊണ്ട് കീറിമുറിക്കും. . മകന്റെ മുമ്പിൽ വച്ച് വലിയ സ്നേഹം കാണിക്കും. എത്രയൊക്കെ പറഞ്ഞിട്ടും ഭർത്താവ് മനസിലാക്കുന്നില്ല. അമ്മയ്ക്ക് കീഴടങ്ങിയിരിക്കാൻ ആവശ്യപ്പെടുന്നു. സ്വന്തം വീട്ടുകാരും കൂടെയില്ല.". ഭർതൃമാതാവിന്റെ പീഡനങ്ങളിൽ സഹികെട്ട് മാനസികരോഗ വിദഗ്ദ്ധന് മുന്നിലെത്തിയ യുവതിയുടെ വാക്കുകളാണിത്.
ജില്ലയിൽ വനിതാകമ്മിഷൻ നടത്തുന്ന സിറ്റിംഗിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഗാർഹിക പീഡന കേസുകളാണ്. പലതും കോടതി മുറിക്ക് പുറത്ത് സ്ത്രീയുടെ സമ്മതം പോലുമില്ലാതെ ഒത്തുതീർപ്പാക്കപ്പെടുന്നുണ്ട്. ശാരീരികമായ ഉപദ്രവത്തെക്കാൾ അധികമാണ് മാനസികമായുള്ള ഉപദ്രവം. വാക്കുകൾകൊണ്ട് അപമാനിക്കുക , അവഗണിക്കുക ഭക്ഷണം നൽകാൻ പോലും വിസമ്മതിക്കുക തുടങ്ങിയവയും പരാതികളായി എത്താറുണ്ട്.
. മാനസികമായി തളർന്ന് മാനസികരോഗ വിദഗ്ദ്ധന്റെ അടുത്തെത്തിയ യുവതിയെ പിന്നീട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് പുല്ലാട് മദ്യപിച്ച് ഭാര്യയെ കുത്തിക്കൊന്നത്. രണ്ട് വർഷം മുമ്പ് ഭാര്യയുടെ കൈപ്പത്തി വെട്ടിക്കളഞ്ഞ സംഭവം നടന്നതും ഈ നാട്ടിലാണ്. പന്തളത്ത് ഭാര്യയേയും മകളേയും ഉപദ്രവിച്ചത് നാട്ടുകാർ നോക്കിനിൽക്കെയാണ്. സ്ത്രീധനത്തിനായും കൂടുതൽ തുകയ്ക്കായും
ഉൾപ്പെടെ പുറത്തറിയാത്ത ഗാർഗിക പീഡനങ്ങൾ പല കുടുംബങ്ങളിലുമുണ്ട്.
ഇതുവരെ 42 കേസുകൾ
ജില്ലയിൽ ഈ വർഷം ഇതുവരെ ഗാർഹിക പീഡനങ്ങൾ മാത്രം 42 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്നേഹിതയുടെ കൗൺസലിംഗ് സെഷനിൽ മാത്രം 348 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഓരോ വർഷം കഴിയുംതോറും ജില്ലയിൽ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് ചിരി, ഹോപ്പ്, നിർഭയ , അപരാജിത, തുടങ്ങി നിരവധി പദ്ധതികളുണ്ടെങ്കിലും പരാതിയുമായി മുന്നോട്ടുവരാൻ സ്ത്രീകൾക്ക് പേടിയാണ്.
പരാതി നൽകാം- ഫോൺ : 04734-250 244, 1800 425 1244, 8547549665, snehithapta@gmail.com
പരാതി ലഭിച്ചാൽ പരിഹാരം കാണാൻ ശ്രമിക്കും. കൗൺസലിംഗ് ആവശ്യമെങ്കിൽ നൽകും. ഷെൽട്ടറാണ് വേണ്ടതെങ്കിൽ അതിന് ആവശ്യമായത് ചെയ്തുകൊടുക്കും.
പി.ആർ അനൂപ
ജെൻഡർ ജില്ലാ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |