റാന്നി: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മലയോരമേഖലയിലെ കർഷകർ ആഹ്ളാദത്തിലാണെങ്കിലും പദ്ധതി നടപ്പാക്കുന്നത് എങ്ങനെ എന്നതിൽ ആശങ്കയുണ്ട്. സംസ്ഥാനത്തെ മലയോര ജില്ലകളായ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും ഉൾപ്പടെയുള്ള പട്ടയ പ്രശ്നത്തിന് പൂർണ പരിഹാരമാകുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വിമർശനങ്ങളേറെയുണ്ട് 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വച്ചിട്ടുള്ളവർക്കാണ് പട്ടയം നൽകുന്നത്. 1993ലെ ഭൂപതിവു ചട്ടപ്രകാരം റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വനഭൂമിക്ക് പട്ടയം നൽകുന്നത്.
ഭൂമി കൈവശമുള്ളവർ വാണിജ്യ ആവശ്യത്തിനുളള നിർമ്മാണങ്ങൾ മുൻകാലങ്ങളിൽ നടത്തിയിരുന്നു. കാർഷികാവശ്യം,താമസിക്കുന്നതിനുള്ള വീട് എന്നിവയ്ക്ക് പട്ടയം നൽകാനാണ് 1993ലെ ചട്ടത്തിൽ ഉള്ളതെങ്കിലും,പട്ടയ ഉടമയ്ക്ക് ഉപജീവനത്തിനായി ചെറിയ കടമുറിയും നിർമ്മിക്കാൻ അനുവദിച്ചിരുന്നു...
കടമുറി നിർമ്മാണത്തിന്റെ പരിധി വിശദീകരിച്ചുകൊണ്ട് 2009 ൽ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ പെറ്റി ഷോപ്പ് എന്നാണ് അതിനെ വിശദീകരിക്കുന്നത്.
കൈവശ ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന് പട്ടയം നൽകാൻ നിയമം അനുവദിക്കുന്നില്ല.
എന്നാൽ പട്ടയം ലഭിക്കാത്ത വാണിജ്യ നിർമ്മിതി നിലവിലുള്ള ഭൂമിക്ക് കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. 1977ന് മുമ്പ് വനഭൂമി കൈവശം വച്ചിട്ടുള്ള 10,000 കണക്കിന് പേർക്കെങ്കിലും പട്ടയം നൽകാനുണ്ടെന്നും ഇതിലൂടെ ഭൂരിഭാഗം പേർക്കും ഗുണം ലഭിക്കുമെന്നും റവന്യു അധികൃതർ പറയുന്നു.
നടപ്പാകുന്നതിൽ അവ്യക്തത
1. 1993 ലെ ചട്ട പ്രകാരം പട്ടയം നൽകേണ്ട സി.എച്ച്.ആർ മേഖലയിൽ പട്ടയം നൽകുന്നതും വ്യാപാര സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകുന്നതും സുപ്രീം കോടതി 2024 ഒക്ടോബർ 24 ന് സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കർഷക സംഘടനകൾ പറയുന്നു. വിധിവന്ന് ഒന്നര വർഷമായിട്ടും വ്യക്തമായ ഒരു അഫിഡവിറ്റ് കോടതിക്ക് നൽകി പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
2. ഭൂപതിവ് നിയമമനുസരിച്ച് കൃഷി ചെയ്യുന്നതിനായി ഭൂ ഉടമയ്ക്ക് നൽകുന്ന പട്ടയത്തിൽ താമസിക്കുന്നതിനുള്ള വീടും ആവശ്യമെങ്കിൽ ഉപജീവനത്തിനായി ഒരു കടമുറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇതേ പട്ടയ ഭൂമിയിൽ 2024 വരെ നിർമ്മിക്കപ്പെട്ടതെല്ലാം 2025 ൽ കൊണ്ടുവന്ന ചട്ടത്തിലൂടെ സർക്കാർ നിയമവിരുദ്ധമാക്കി മാറ്റിയത്. നിയമപ്രശ്നം പരിഹരിക്കുന്നതിനാണ് പിഴത്തുകയോടു കൂടിയ ക്രമവൽക്കരണ നിയമം സർക്കാർ കൊണ്ടുവന്നത്.
3. ഈ നിയമ പ്രകാരം 2023 വരെ ലഭിച്ച പട്ടയങ്ങൾക്ക് മാത്രമേ ക്രമവത്ക്കരണം ബാധകമാകു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ സ്റ്റേ നിലനിൽക്കെ പട്ടയം നൽകാനുള്ള മന്ത്രിസഭാ തീരുമാനം എങ്ങനെ നടപ്പിലാക്കുമെന്ന് കർഷക സംഘടനകൾ ചോദിക്കുന്നു.
സർക്കാരിന്റെ നീക്കം വഞ്ചനയാണ്. ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള നാടകമാണ്.
ജോൺ മാത്യു ചക്കിട്ടയിൽ
ജില്ലാ ജനകീയ കർഷക സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |