
ശബരിമല: 18ന് ഉണ്ടായ അനിയന്ത്രിത തിരക്കിൽപ്പെട്ട് അയ്യപ്പദർശനം ലഭിക്കാതെ മരക്കൂട്ടത്തു നിന്ന് മടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള എട്ടംഗ സംഘത്തിന് പൊലീസ് ഇടപെട്ട് സുഖദർശനമൊരുക്കി. കൊല്ലം കല്ലമ്പലം, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തിനാണ് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദർശന സൗകര്യമൊരുക്കിയത്. കഴിഞ്ഞ 18ന് ഇവർ ഉൾപ്പെടെ 17 പേരാണ് കൊല്ലത്ത് നിന്ന് ശരണപാതയിൽ മരക്കൂട്ടം വരെ എത്തിയത്. തിരക്ക് അനിയന്ത്രിതമായതോടെ ഗിരിജ ഉൾപ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും വീടുകളിലേക്ക് മടങ്ങാൻ നിലയ്ക്കലിലേക്ക് തിരിച്ചു പോയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ശബരിമല പൊലീസ് ചീഫ് കോഓർഡിനേറ്റർ കൂടിയായ എ.ഡി.ജി.പി പൊലീസ് ഉദ്യോഗസ്ഥരോട് ഇവർക്ക് ദർശനം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. തുടർന്ന് സംഘം നിലയ്ക്കലിൽ നിന്ന് പൊലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം സാധ്യമാക്കുകയായിരുന്നു. ദർശനത്തിന് ശേഷം നിറകണ്ണുകളോടെ പൊലീസിന് നന്ദി പറഞ്ഞാണ് സംഘം മലയിറങ്ങിയത്.
വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും തിരക്കുമൂലം ദർശനം ലഭിക്കാത്തവർക്ക് വീണ്ടും ദർശനത്തിന് അവസരം നൽകും. വെർച്വൽ ക്യൂ എടുത്തവർക്ക് ശബരീശ ദർശനം ഉറപ്പാക്കും.
എസ്.ശ്രീജിത്ത്, എ.ഡി.ജി.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |