യാത്രക്കാരിയോട് വനിതാ കണ്ടക്ടറുടെ ഭീഷണി
പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസിൽ വനിതാ കണ്ടക്ടറുടെ ബാഗ് ചുമന്നാൽ, യാത്രക്കാർക്ക് കണ്ടക്ടറുടെ സീറ്റിനടുത്ത് ഇരിക്കാം. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറാണ് യാത്രക്കാരിയോട് ബാഗ് പിടിക്കാമെങ്കിൽ മാത്രം തന്റെ അടുത്ത് ഇരുത്താമെന്ന് പറഞ്ഞത്. ബാഗ് ചുമക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച യാത്രക്കാരിയെ കണ്ടക്ടർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ 10.5ന് റാന്നി ഡിപ്പോയിലെ ബസിലാണ് സംഭവം. ബസിൽ വനിതാ കണ്ടക്ടർ തനിയെ ഇരിക്കുന്നത് കണ്ട് അടുത്ത സീറ്റിൽ ഇരിക്കാൻ ചെന്നപ്പോഴാണ് തന്റെ ബാഗ് പിടിക്കാമെങ്കിൽ മാത്രം ഇരിക്കാമെന്ന് പറഞ്ഞത്. മറ്റ് സീറ്റുകൾ ലഭിക്കാതിരുന്നതിനാൽ യാത്രക്കാരി ബാഗ് എടുക്കാൻ നോക്കിയപ്പോൾ ഭാരം. താഴെ വച്ചോട്ടെയെന്ന് ചോദിച്ചപ്പോൾ ദേഷ്യപ്പെട്ട കണ്ടക്ടർ "എന്റെ ബാഗ് ആണത്, അത് താഴെ വയ്ക്കാൻ പറ്റില്ല " എന്നു പറഞ്ഞു. സ്വന്തം ബാഗിന്റെ പുറത്ത് കണ്ടക്ടറുടെ ഭാരമുള്ള ബാഗും കൂടിവയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിയാണ് യാത്രക്കാരി സീറ്റിലിരുന്നത്. പിന്നിലെ സീറ്റിലെ യാത്രക്കാരൻ എഴുന്നേറ്റപ്പോൾ ആ സീറ്റിലേക്ക് മാറി ഇരുന്നാണ് യാത്രക്കാരി പ്രശ്നം പരിഹരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |