
പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാനായി നഗരസഭ കൺട്രോൾ റൂം തുറക്കും.
13, 14, 15 തീയതികളിൽ എത്തുന്ന അയ്യപ്പ ഭക്തർക്കാവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകളും ചികിത്സകൾ നടത്താൻ വേണ്ട ക്രമീകരണങ്ങൾ ഇടത്താവളത്തിൽ ഉണ്ടാകും. കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി ഇടത്താവളത്തിലും റിംഗ്റോഡിലും പാർക്കിംഗ് സംവിധാനങ്ങൾ സജ്ജമാക്കും.
നഗരത്തിലെ പ്രകാശിക്കാതെ കിടക്കുന്ന തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും കുടിവെള്ളം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്യുവാനും വാട്ടർ അതോറിറ്റി, കെഎസ്ഇബി വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പൊലീസ് വേണ്ട ക്രമീകരണങ്ങൾ നടത്തും.
ഫയർഫോഴ്‌സിന്റെയും പൊതുമരാമത്ത് വപ്പുകളുടെയും സേവനവും നഗരത്തിൽ മൂന്നുദിവസം ഉണ്ടാവും. നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ വിളിച്ചു ചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ക്രമീകരണങ്ങൾ തയ്യാറാക്കിയത്.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സജിനീ മോഹൻ, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ അൻസാർ മുഹമ്മദ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എ സുരേഷ് കുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി കെ അനീഷ്, വിവിധ വകുപ്പുകളെ പ്രതികരിച്ച് എസ് സരിത, എസ് സാബു, കെ അശ്വനികുമാർ, കെ ശ്രീകുമാർ, കെ ആർ രാജേഷ് കുമാർ, ടി എൻ തുളസി ദാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |