
പത്തനംതിട്ട: ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ വരൾച്ച തുടങ്ങി. കിണറുകൾ വറ്റുന്നു. പാടശേഖരങ്ങൾ വരണ്ടു. ഇൗ സമയത്ത് ആശ്രയമാകേണ്ട ഉപകനാലുകളിൽ വെള്ളം എത്തിയില്ല. മെയിൻ കനാലുകളിൽ മാത്രമാണ് വെള്ളമെത്തിയത്. കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്ന ഉപകനാലുകൾ വൃത്തിയാക്കിയാൽ മാത്രമേ വെള്ളം തുറന്നുവിടാനാകൂ. ജില്ലയിൽ കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെയും പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെയും രണ്ടു കനാലുകളാണ് ജലസേചനം നടത്തുന്നത്. ഇരു പദ്ധതികളുടെയും മെയിൻ കനാലുകളിലൂടെ ഒഴുക്കിവിട്ട വെള്ളം സബ് കനാലുകളിലേക്ക് തുറന്നു വിടുമ്പോഴാണ് കൃഷി സ്ഥലങ്ങളും കിണറുകളും ജലസമൃദ്ധമാകുന്നത്.
എന്നാൽ, ഉപകനാലുകൾ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും കാടുവളർന്നും വെള്ളത്തിന്റെ ഒഴുക്കിന് തടസമാണ്. നാൽപ്പതിലേറെ വർഷം പഴക്കമുള്ള കനാലുകൾ വർഷംതോറും വൃത്തിയാക്കിയ ശേഷമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളമില്ലാത്തത് കാരണം കൃഷി ഉണങ്ങുന്നുവെന്ന് കർഷകർ പറയുന്നു. വാഴ, വെറ്റില, കപ്പ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ഗ്രാമ പ്രദേശങ്ങളിലെ വീടുകളിൽ കുടിവെള്ള ക്ഷാമത്തിന് കനാൽ വെള്ളം വലിയ ആശ്രയമാണ്. കനാൽ വെള്ളം ഇരുവശങ്ങളിലുമുള്ള വീടുകളിലെ കിണറുകളിൽ എത്തും. അടുത്ത മഴക്കാലം വരെയും വെള്ളം നിലനിൽക്കും.
@ കെ. ഐ.പി കനാൽ
ആകെ നീളം 1210 കിലോമീറ്റർ
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്നു. പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം, ഏഴംകുളം, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലെയും അടൂർ നഗരസഭയിലെയും വീട്ടുകാർക്കും കൃഷി സ്ഥലങ്ങൾക്കും കനാൽ വെള്ളം പ്രയോജനം ചെയ്യും.
@ പി. ഐ.പി കനാൽ
ആകെ നീളം 530 കിലോമീറ്റർ
മണിയാർ ഡാമിൽ നിന്നുള്ള വെള്ളമാണ് പി.ഐ.പി കനാലിലൂടെ വിതരണം ചെയ്യുന്നത്. റാന്നി, പെരുനാട്, വടശേരിക്കര, ചെറുകോൽപ്പുഴ, അയിരൂർ, തോട്ടപ്പുഴശേരി, കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇലന്തൂർ, മെഴുവലി, തിരുവൻവണ്ടൂർ, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്യും.
വെള്ളം തുറന്നുവിടേണ്ട സമയം കഴിഞ്ഞു. മെയിൽ കനാലിലെ വള്ളം ഉപകനാലുകളിൽ എത്തിയാൽ മാത്രമേ കൃഷിക്ക് പ്രയോജനമുണ്ടാകൂ.
വേണുനാഥ്, വെറ്റില കർഷകൻ, വള്ളിക്കോട്
കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പുന്നോൺ പാടശേഖരത്തിലെ 50 ഏക്കർ നെൽകൃഷി. വെള്ളം എത്തിയില്ലെങ്കിൽ കൃഷി കരിഞ്ഞുപോകും. അധികൃതർക്ക് നിവേദനം നൽകി. നടപടി വൈകുന്നു.
രാജു വർഗീസ്, രാജേഷ് പുന്നോൺ, പാടശേഖര സമിതി ഭാരവാഹികൾ
ഉപകനാലുകളിലെ കാടുതെളിക്കാനും നികന്ന ഭാഗങ്ങളിലെ മണ്ണ് നീക്കാനും അടിയന്തര നടപടി സ്വീകരിക്കും.
കെ.ഐ.പി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |