SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

ഹാരിസൺ കുമ്പഴ എസ്റ്റേറ്റിൽ: കാടിറങ്ങിയ കടുവ കാണാമറയത്ത്

Increase Font Size Decrease Font Size Print Page
tiger

കോന്നി: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലും കോന്നി ഗ്രാമപഞ്ചായത്തിലെ ചെങ്ങറയിലെ ജനവാസ മേഖലയിലും ജനജീവിതത്തിന് ഭീഷണിയായ കടുവയെ കണ്ടെത്താനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. ഒരാഴ്ചയ്ക്കിടെ പ്രദേശത്ത് അഞ്ചിടങ്ങളിലാണ് നാട്ടുകാർ കടുവയെ കണ്ടത്.

നാട്ടിലിറങ്ങിയ കടുവ പൊന്തക്കാടുകളിലുണ്ടോ അതോ വനത്തിലേക്ക് തിരികെ കയറിയോ എന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 23ന് പുലർച്ചെ 1.30നാണ് ആദ്യം കടുവയെ കണ്ടത്. പിന്നീട് ചെങ്ങറ കൊന്നപ്പാറ റോഡിലും അട്ടച്ചാക്കൽ കുമ്പളംപൊയ്ക റോഡിലും കുമ്പഴ എസ്റ്റേറ്റിലെ പ്ലാങ്കാട് ഭാഗത്തും ചെങ്ങറയിലെ ജനവാസ മേഖലയിലെ വീടിന് സമീപത്തും നാട്ടുകാർ കടുവയെ കണ്ടിരുന്നു.

കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനും ഉന്നയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസമായി വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ഇരുപത്തിനാല് മണിക്കൂറും പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പൊതുവായ സ്വഭാവ സവിശേഷതകൾ

ഒറ്റയ്ക്കുള്ള ജീവിതം

പ്രജനന കാലമൊഴികെ, കടുവകൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത്.

അധീന പ്രദേശം

ആൺകടുവകൾക്ക് 70-100 ചതുരശ്ര കിലോമീറ്ററും പെൺകടുവകൾക്ക് 25 ചതുരശ്ര കിലോമീറ്ററും വരെ അധീന പ്രദേശമുണ്ടാകും. ഈ പരിധിയിൽ മറ്റൊരു കടുവയുടെ സാന്നിദ്ധ്യത്തിന് അനുവദിക്കില്ല.

വേട്ടയാടൽ

രാത്രിയിൽ വേട്ടയാടാൻ ഇഷ്ടപ്പെടുന്ന ഇവ, കഴുത്തിന് പിന്നിൽ കടിച്ച് ഇരകളെ കീഴടക്കും.

നല്ല നീന്തൽക്കാർ

കടുവകൾക്ക് നന്നായി നീന്താനും, നദികൾ കടക്കാനും, വേട്ടയാടാനും കഴിയും.

ഭക്ഷണരീതി

പ്രധാനമായും വലിയ മൃഗങ്ങളെയാണ് വേട്ടയാടുന്നത്. എങ്കിലും ചിലപ്പോൾ കാട്ടുപോത്ത്, പന്നി, മാൻ, അപൂർവമായി ആന എന്നിവയെയും വേട്ടയാടാറുണ്ട്.

സ്വഭാവം

വളരെ ശാന്തമായി ഇരയെ സമീപിക്കുന്ന കടുവകൾ, പെട്ടെന്ന് ആക്രമിക്കുന്ന സ്വഭാവമുള്ളവയാണ്.

ദൃശ്യപരത

കറുത്ത വരകൾ കാട്ടിലെ പശ്ചാത്തലത്തിൽ അവയെ ഒളിച്ചിരിക്കാൻ സഹായിക്കുന്നു.

നാട്ടിലിറങ്ങുന്ന കടുവകൾ

പരിക്കേറ്റതോ പ്രായാധിക്യമായതോ ആയ കടുവകളാണ് വനത്തിലെ തന്റെ അധീന മേഖലയിൽ നിന്ന് പുറത്തിറങ്ങുന്നത്.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY