SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.17 PM IST

കല്ലട ഇറിഗേഷൻ കനിഞ്ഞില്ല: കരിഞ്ഞുണങ്ങിയിട്ടും കനാൽ തുറന്നില്ല

Increase Font Size Decrease Font Size Print Page
photo

പ്രമാടം: കത്തുന്ന വേനലിൽ പാടശേഖരങ്ങളും ജലസ്രോതസുകളും വറ്റിവരണ്ടിട്ടും കനാൽ തുറക്കാതെ കല്ലട ഇറിഗേഷൻ വകുപ്പ് അധികൃതർ. പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലുള്ളവ‌‌ർ ആഴ്ചകളായി വെള്ളത്തിനായി അലച്ചിൽ തുടങ്ങിയിട്ട്. എന്നിട്ടും വെള്ളം എത്തിക്കാൻ നടപടിയായില്ല.

ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ വള്ളിക്കോട് പാടശേഖരം വരൾച്ചയുടെ പിടിയിലാണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പ്രമാടത്തും കൂടാതെ വള്ളിക്കോട്ടും ജനുവരി പകുതിയോടെ കനാൽ വഴി വെള്ളം എത്തിക്കുമെന്നാണ് കല്ലട ഇറിഗേഷൻ വകുപ്പ് അധികൃതർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ഒരുമാസം മുമ്പ് ഗ്രാമപഞ്ചായത്തും പാടശേഖര സമിതികളും കെ.ഐ.പിക്ക് കത്ത് നൽകിയിരുന്നു. കനാൽ തുറന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരുതുള്ളി വെള്ളം പോലും കനാൽ വഴി പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിൽ എത്തിയിട്ടില്ല. കാട് മൂടിക്കിടന്ന കനാൽ ഭാഗങ്ങൾ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു.

കെ.ഐ.പി കനാൽ വഴി വെള്ളം എത്തിയെങ്കിൽ മാത്രമേ ചെറുകിട പദ്ധതികളിലൂടെ വെള്ളം പമ്പ് ചെയ്യാൻ കഴിയൂ. കോന്നി വിതരണ ശൃംഖലയുടെ ഭാഗമാണ് പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകൾ. കരിങ്കുടുക്ക മുതൽ വി. കോട്ടയം വരെയാണ് കെ.ഐ.പി കനാൽ പ്രമാടം പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. തുടർന്ന് വള്ളിക്കോട് പഞ്ചായത്തിൽ പ്രവേശിക്കും. പ്രമാടത്തെ പത്ത് വാർഡുകളിലും വള്ളിക്കോട്ട് എട്ട് വാർഡുകളിലും കനാൽ വെള്ളത്തിന്റെ പ്രയോജനം ലഭിക്കും. കനാൽ തുറന്നുവിട്ടാൽ സമീപ പ്രദേശങ്ങളിലെ വീടുകളുടെ കിണറിലും വെള്ളം ലഭിക്കും. ഇരു പഞ്ചായത്തിലെയും പ്രധാന ജലസ്രോതസായ അച്ചൻകോവിലാ​റ്റിൽ ജലനിരപ്പ് കുറഞ്ഞത് ശുദ്ധജല വിതരണ പദ്ധതിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വില നൽകി കുടിവെള്ളം വാങ്ങുന്നവരും കുറവല്ല. കനാൽ തുറക്കാൻ ഇനിയും വൈകിയാൽ പ്രക്ഷാഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകരും നാട്ടുകാരും.

കുടിനീരറ്റ് പ്രമാടവും വള്ളിക്കോടും

 കനാൽ വെള്ളം എത്താൻ വൈകിയാൽ ഇരുപഞ്ചായത്തുകളിലെയും ഏക്കറ് കണക്കിന് കരക്കൃഷി നശിക്കും

 പ്രതികൂല കാലാവസ്ഥകളോട് പടവെട്ടിയാണ് കർഷകർ കൃഷിയിറക്കിയത്

 ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെൽകൃഷിയും മഞ്ഞളിച്ചു

 അഞ്ഞൂറ് ഏക്കറോളം പാടശേഖരമാണ് വള്ളിക്കോട്ടുള്ളത്

 സപ്ളൈകോയുടെ ജില്ലയിലെ പ്രധാന നെൽ സംഭരണകേന്ദ്രം

 ഭൂരിഭാഗം വാഴകൃഷിയും വാടിത്തുടങ്ങി

പ്രമാടത്ത്

10 വാർഡുകൾ

വള്ളിക്കോട്ട്

12 വാർഡുകൾ

തെന്മല ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ വേനലിനെ അതിജീവിക്കുന്നത് തെന്മല ഡാമിനെ ആശ്രയിച്ചാണ്. എന്നാൽ തെന്മല ഡാമിൽ ജലനിരപ്പ് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എക്കലും മണലും മരങ്ങളും അടിഞ്ഞ് സംഭരണശേഷി 40 ശതമാനത്തോളം കുറഞ്ഞതായാണ് വിലയിരുത്തൽ.

കനാൽ വഴി വെള്ളം എത്തിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ കൃഷി പൂർണമായും കരിഞ്ഞുണങ്ങും. പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

പാടശേഖര സമിതികൾ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.