
പത്തനംതിട്ട: കേന്ദ്ര ബഡ്ജറ്റിൽ ജില്ലയ്ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ. സംസ്ഥാനത്തിന് കാര്യമായി ഒന്നും നൽകാതിരുന്ന ബഡ്ജറ്റിൽ ജില്ലയെ തഴഞ്ഞതിൽ അത്ഭുതപ്പെടാനില്ലെന്ന പക്ഷക്കാരാണ് ഏറെയും.
ശബരിമല ഉൾപ്പടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെ വികസനത്തിനുള്ള ഫണ്ട് ബഡ്ജറ്റിൽ വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആദ്യ മോദി സർക്കാർ പിൽഗ്രിം ടൂറിസത്തിന് ഫണ്ട് അനുവദിച്ചിരുന്നതാണ്. പിന്നീട് ഈ പരിഗണനയും കിട്ടിയില്ല. പിൽഗ്രിം ടൂറിസത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ കണക്ക് സംസ്ഥാനം നൽകിയില്ലെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് ബഡ്ജറ്റിൽ ശബരിമല ഇടംപിടിച്ചേക്കുമെന്ന് അഭിപ്രായമുയർന്നിരുന്നു. ശബരിമല വികസനത്തിന് സംസ്ഥാനത്തിനൊപ്പം കേന്ദ്ര ഫണ്ട് കിട്ടിയാലും പ്രയോജനപ്പെടുത്തുമെന്ന് കെ.ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റെടുത്തപ്പോൾ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമലയുടെ ജില്ലയെന്ന നിലയിൽ പത്തനംതിട്ടയ്ക്ക് പരിഗണന കിട്ടിയേക്കുമെന്ന് കരുതിയവരുമുണ്ട്.
ജില്ലയിലെ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരിനും പങ്കുണ്ട്. റബറിന്റെ വിലക്കുറവാണ് കർഷകരുടെ പ്രതിസന്ധി. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിച്ച് റബർ കയറ്റുമതിക്ക് ബഡ്ജറ്റിൽ നിർദേശമുണ്ടാകണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ, കടുത്ത നിരാശയായിരുന്നു ഫലം.
മലയോര മേഖലയിൽ മനുഷ്യ - വന്യജീവി സംഘർഷം തുടരുകയാണ്. മൃഗങ്ങൾ വനത്തിൽ നിന്ന് ഇറങ്ങിവരുന്നത് തടയാൻ സോളാർ ഫെൻസിംഗ്, കിടങ്ങ് തുടങ്ങിയവ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രത്തിനും ഫണ്ട് നീക്കിവയ്ക്കാൻ കഴിയും. കേന്ദ്ര ബഡ്ജറ്റിൽ അതുമുണ്ടായില്ല.
അതിവേഗ അവഗണന
മെട്രോമാൻ ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന അതിവേഗ റെയിൽപാതയുടെ വിശദ പദ്ധതി രേഖയിൽ അടൂരും ഇടംപിടിച്ചിട്ടുണ്ട്. പദ്ധതിയെപ്പറ്റി ബഡ്ജറ്റിൽ പരാമർശമേ ഇല്ല. ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്കും ഇത്തവണ പരിഗണനയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |