
പത്തനംതിട്ട: ജില്ലയുടെ റോഡ് ഗതാഗതത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാത 183 എ വികസനത്തിന് വീണ്ടും വിശദ പദ്ധതിരേഖ ( ഡി.പി.ആർ) തയ്യാറാക്കും. 2018 - 19 ലെ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ സർവെ നേരത്തെ പൂർത്തിയാക്കിയിരുന്നു. അലൈൻമെന്റിൽ മാറ്റം വരുത്തുന്നതിനാണ് വീണ്ടും ഡി.പി.ആർ തയ്യാറാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ദേശീയ പാത അതോറിറ്റിയോട് നിർദ്ദേശിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ എതിർപ്പുയർന്നതിനെ തുടർന്ന് റോഡിന്റെ വീതി കുറച്ചിരുന്നു. എതിർപ്പ് മൂലം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനായില്ല. ഇതേ തുടർന്ന് ഡി.പി.ആറിൽ മാറ്റം വരുത്തണമെന്ന് ആന്റോ ആന്റണി എം.പി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക രാഷ്ട്രീയ, മത ശക്തികളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഡി.പി.ആറിൽ മാറ്റം വരുത്താൻ എം.പി ആവശ്യപ്പെട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. മുംബയ് ആസ്ഥാനമായ കൺസൾട്ടൻസി കമ്പനിക്കാണ് ഡി.പി.ആർ തയ്യാറാക്കാൻ കരാർ നൽകിയത്. അവർ പഠനം പൂർത്തിയാക്കി ഡി.പി.ആർ സമർപ്പിക്കേണ്ട ഘട്ടത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് എം.പി കത്തുനൽകിയത്. ബൈപ്പാസുകളുടെ വീതി കുറയ്ക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. മുപ്പത് മീറ്ററിൽ നാലുവരി പാതയായി ബൈപ്പാസ് നിർമ്മിക്കണമെന്നായിരുന്നു പദ്ധതി നിർദ്ദേശം. എം.പിയുടെ ആവശ്യപ്രകാരം18മീറ്ററിൽ രണ്ടു വരിയായി കുറച്ചു.
ഇനി 1600 കോടി പോര
@ ആറുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക് അന്ന് 1600 കോടിയാണ് ചെലവ് കണക്കാക്കിയത്. നിലവിലെ സാഹചര്യത്തിൽ ചെലവ് വർദ്ധിക്കും. ഡി.പി.ആർ സമർപ്പിച്ച ശേഷം നിർമ്മാണ ചെലവിലും വർദ്ധന വരുത്തും.
@ ആറുകൊല്ലത്തിനുള്ളിൽ നിർമ്മാണ സാമഗ്രികളുടെ വില കൂടി. ജോലിക്കൂലിയും കൂടി. ഇവ കണക്കൂകൂട്ടിയാകും പുതിയ തുക നിശ്ചയിക്കുക. തർക്കവും അനാസ്ഥയും മൂലം ഭീമമായ തുകയാണ് ആധികച്ചെലവ് വരിക.
@ നിലവിലെ ഡി.പി.ആറിൽ ഏഴ് ബൈപ്പാസുകളാണ് നിർദ്ദേശിച്ചിരുന്നത്. ഗതാഗത ആവശ്യകത, റോഡ് സുരക്ഷ, പ്രാദേശിക സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബൈപ്പാസുകൾക്കായുള്ള വ്യവസ്ഥകൾ പുതിയ ഡി.പി.ആറിൽ പരിഗണിക്കും.
# നീളം 116 കലോമീറ്റർ
# വീതി 16 മീറ്റർ, രണ്ടുവരി പാത
# ബൈപ്പാസുകൾ : 18 മീറ്റർ, രണ്ടു വരി
# കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് പ്രയോജനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |