
തിരുവല്ല : വേദി ഒന്ന് 'കേരളം'. ആൺകുട്ടികളുടെ ദഫ്‌മുട്ട് മത്സരത്തിൽ മൂന്നാമത്തെ ടീം വേദിവിട്ട സമയം. സദസിൽ നിന്നൊരാൾ തിരിക്കുപിടിച്ച് ഒറ്റയോട്ടം!, സംഗതി അന്വേഷിച്ചെത്തിയപ്പോൾ ഓടിയകാരണം പിടികിട്ടി. ഓടിയയാളെയും!
എറണാകുളം തമ്മനം സ്വദേശി മുഹമ്മദ് അസ്ലമാണ് ഓട്ടക്കാരൻ. ദഫ്‌മുട്ട് പരിശീലകനായ 43കാരൻ ഏഴ് ടീമുകളുമായാണ് ഇക്കുറി എം.ജി കലോത്സവത്തിന് എത്തിയത്. ഓരോ ടീമിന്റെയും മത്സരം കഴിയുമ്പോൾ അവരെ അഭിനന്ദിക്കാനും അടുത്തതായി വേദിയിലെത്തുന്ന ടീമിന് ആത്മവിശ്വാസം നൽകാനുമായിരുന്നു അസ്ലമിന്റെ ഓട്ടം. ഇങ്ങനെ ഏഴുവട്ടാണ് അസ്ലാം പാഞ്ഞത്.
കളമശേരി സെന്റ് പോൾസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ്, മൂവാറ്റുപുഴ ഇലാഹിയ, തൃക്കാക്കര കെ.എം.എ., എറണാകുളം സെന്റ് ആൽബർട്‌സ്, എസ്.എസ്.വി വളയൻചിറങ്ങര, കൊച്ചിൻ കോളേജ് പള്ളിക്കര എന്നീ കോളേജുകളുകളിലെ ടീമുമായാണ് അസ്ലം എത്തിയത്. എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇരുപതാം വയസിലാണ് അസ്ലം ദഫ്‌മുട്ടടക്കമുള്ള മാപ്പിള കലകൾ വശത്താക്കുന്നത്. ഗുരുവൊന്നുമില്ല, കണ്ടും കേട്ടുമായിരുന്നു പഠനം. ചേരാനല്ലൂർ അബൂബക്കറെ പിന്നീട് ഗുരുവായി മനസിൽ പ്രതിഷ്ഠിച്ചാണ് കുട്ടികൾക്ക് പരിശീലനം നൽകിത്തുടങ്ങിയത്. പിന്നെ കലോത്സവ നാളുകളിൽ തിരിഞ്ഞുനോക്കാൻ സമയം കിട്ടിയിട്ടില്ല. സ്കൂൾ കലോത്സവത്തിൽ ടീമുകൾ ഇതിലും ഇരട്ടിയാകും. ശിക്ഷ്യരും. അത്തർ വ്യാപാരിയാണ് അസ്ലം. കലോത്സവ നാളുകൾ കഴിഞ്ഞാൽ പിന്നെ കച്ചവടത്തിലേക്ക് തിരിയും. ശിഷ്യന്മാർ പതിനായിരത്തിന് മേലെയായി. അവരുടെ സ്നേഹം അത്തറിന്റെ വാസനപോലെ എന്നും അസ്ലമിനൊപ്പമുണ്ട്.
ഒരു ടീമിന് നാല് മണിക്കൂറെന്നാണ് കണക്ക്. ഒരു ദിവസം മൂന്ന് ടീമുകൾക്ക് വരെ പരിശീലനം നൽകും. ''ആദ്യം ഈണമാണ് പഠിപ്പിക്കുക. പിന്നെ മുട്ടുകളും. 20 ദിവസം കൊണ്ട് ദഫ്‌മുട്ട് വശത്താക്കിയവർ വരെ ടീമുകളിലുണ്ട്. ഓരോ ടീമിനെയും ഓരോ രീതിയിലാണ് പരിശീലിപ്പിക്കുന്നത്. എല്ലാവരും ജയിക്കാൻ വേണ്ടിയാണിത്'' -അസ്ലം തമ്മനം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |