
തിരുവല്ല : കോടികൾ മുടക്കി നവീകരിച്ച തോട്ടഭാഗം - ആഞ്ഞിലിത്താനം റോഡിന്റെ വശത്ത് തള്ളിയിരിക്കുന്ന ഭീമൻ കുടിവെള്ള പൈപ്പുകൾ വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. ആഞ്ഞിലിത്താനം ജംഗ്‌ഷനിലെ വളവിൽ അടുക്കിവച്ചിരിക്കുന്ന പൈപ്പുകളാണ് ബൈറോഡിൽ നിന്ന് വരുന്ന വാഹന യാത്രക്കാർക്ക് ഉൾപ്പെടെ വലിയ കെണിയാകുന്നത്.
ചങ്ങനാശേരിയിലെ കുടിവെള്ള പദ്ധതിക്കായി ജല അതോറിട്ടി വർഷങ്ങൾക്കു മുമ്പ് കൊണ്ടുവന്ന വലിയ കാസ്റ്റ് അയൺ പൈപ്പുകളാണിത്. യാത്രക്കാർക്ക് സുരക്ഷിത്വമില്ലാത്തവിധം വഴിയോരത്ത് അടുക്കിയിരിക്കുന്ന കൂറ്റൻ പൈപ്പുകൾ ചിലയിടങ്ങളിൽ കാടുമൂടിയ നിലയിലുമാണ്.
ഉപേക്ഷിച്ചിട്ട് വർഷങ്ങളായി
റോഡരികിൽ കുഴിച്ചിടാനായി കൊണ്ടുവന്ന പൈപ്പുകൾ വർഷങ്ങളായി റോഡരുകിൽ ഉപേക്ഷിച്ചനിലയിലാണ്. ആഞ്ഞിലിത്താനം,പായിപ്പാട് മേഖലകളിലാണ് പൈപ്പുകൾ ഏറെയും. പ്രദേശത്തെ കടകളിൽ എത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ പാടുപെടുകയാണ്. രാത്രിയിൽ വാഹനങ്ങൾ പൈപ്പുകൾ ശ്രദ്ധയിൽപ്പെടാതെ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.
ഫണ്ടില്ലാതെ പദ്ധതി മുടങ്ങി
മണിമലയാറ്റിൽ തിരുവല്ലയിലെ കറ്റോട് നിന്ന് വെള്ളം ശേഖരിച്ച് ചങ്ങനാശേരിയിലെ മോർക്കുളങ്ങരയിൽ നിർമ്മിക്കുന്ന സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്കായി കൊണ്ടുവന്ന കാസ്റ്റ് അയൺ പൈപ്പുകളാണിത്. ഫണ്ടിന്റെ കുറവ് കാരണം പൈപ്പ് കുഴിച്ചിടുന്ന ജോലിക്കായി റോഡ് ഏറ്റെടുക്കാനുള്ള തുക പൊതുമരാമത്തിന് അടച്ചിട്ടില്ല. ഇതുമൂലം നിർമ്മാണം നീണ്ടുപോകുകയാണ്. തുക അടച്ചശേഷം ജലഅതോറിറ്റി അടൂർ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൈപ്പുകൾ കുഴിച്ചിടുന്ന ജോലികൾ പൂർത്തിയാക്കും.
1. റോഡിന്റെ ഇരുവശങ്ങളിലും പൈപ്പുകൾ.
2. റോഡിലേക്ക് ഇറങ്ങിയ നിലയിലും
3. തിരക്കുള്ള റോഡിൽ അപകട ഭീഷണി
4. കാൽനട യാത്രക്കാർക്കും കുട്ടികൾക്കും ഭീഷണി
വലിയ പൈപ്പുകൾ പലയിടത്തും ബുദ്ധിമുട്ടായി. പൈപ്പുകൾ കാടുമൂടിയതോടെ ഇഴജന്തുക്കളും തെരുവുനായ്ക്കളും പൈപ്പിന്റെ ഉള്ളിൽ താവളമാക്കി. റോഡിലെ പൈപ്പുകൾ അടിയന്തരമായി നീക്കണം.
(നാട്ടുകാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |