
പത്തനംതിട്ട : പാചക വാതക ക്ഷാമത്തെ തുടർന്ന് ജില്ലയിൽ 62 ഹോട്ടലുകൾ പൂട്ടി. ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി സിലിണ്ടർ ചുരുക്കിയതോടെ ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്. ഹോട്ടൽ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിയാളുൾ ബുദ്ധിമുട്ടിലായി. ഒരു ദിവസം അഞ്ച് മുതൽ പത്ത് വരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകളാണ് ജില്ലയിലുള്ളത്. കൂടുതൽ ശേഖരിച്ച് വയ്ക്കാൻ കഴിയാത്തതിനാൽ ആവശ്യമുള്ളത് എടുക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ രണ്ടുദിവസത്തിൽ കൂടുതൽ ഉപയോഗിക്കാനുള്ള സിലിണ്ടറുകൾ ഹോട്ടലുകളില്ല. അടച്ചിടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളടക്കം വലിയൊരുവിഭാഗം ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് മറ്റ് ഉപജീവനമാർഗങ്ങൾ കണ്ടെത്തേണ്ടി വരും. വ്യാപാരികൾക്ക് വലിയ നഷ്ടം നേരിടും. കടക്കെണിയിലേക്കും മറ്റും നയിക്കുന്ന സാഹചര്യവുമുണ്ടാകും.
സെർവറുകൾ പണി മുടക്കി :
ഏജൻസികൾക്ക് മുമ്പിൽ തിരക്ക്
ജില്ലയിലെ ഗ്യാസ് ഏജൻസികൾക്ക് മുമ്പിൽ വലിയ തിരക്കാണ്. ഗാർഹിക സിലിണ്ടറുകൾക്ക് ക്ഷാമം ഇല്ലെങ്കിലും സെർവറുകൾ തകരാറിലായതിനാൽ ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല. ബുക്ക് ചെയ്യുന്നവർക്ക് ഡി.എ.സി നമ്പർ ലഭിക്കാതെ വരുന്നതിനാൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പൂർണമായി മുടങ്ങി. ബുക്ക് ചെയ്ത് ഡി.എ.സി നമ്പർ ലഭിച്ചവർക്ക് മാത്രമായി വീട്ടിൽ വിതരണം നടത്താൻ പറ്റാത്ത സാഹചര്യവുമാണിപ്പോൾ. ഏജൻസികളിൽ നേരിട്ട് എത്തുന്നവർക്ക് സെർവർ തകരാർ കാരണം സിലിണ്ടറുകൾ നൽകാൻ കഴിയുന്നില്ല.
ഇന്ന് മുതൽ ചായയില്ല. ഉച്ചഭക്ഷണം മാത്രമായി ചുരുക്കാനാണ് തീരുമാനം. നഗരത്തിലെ വിവിധ ഹോട്ടലുകൾ പൂട്ടി.
ശശി അരോമ,
ഹോട്ടൽ ഉടമ
രണ്ടായിരത്തിലധികം രൂപ മുടക്കാൻ തയ്യാറാണ്. പക്ഷെ എങ്ങും വാണിജ്യ സിലിണ്ടറുകൾ കിട്ടാനില്ല. ഗാർഹിക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ വിലക്കുമുണ്ട്.
മാണിക്യം കോന്നി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കോന്നി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |