കോന്നി : മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സ്മരണയ്ക്കായി മകൻ വിട്ടുനൽകിയ ഭൂമിയിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായപ്പോൾ ഒരുനാടിന്റെയാകെ തീരാദാഹമാകലുകയാണ്. കൊച്ചുപ്ലാവിളയിൽ രാമചന്ദ്രൻ സ്വാമി സ്മാരക കുടിവെള്ള പദ്ധതിയിലൂടെ അരുവാപ്പുലം പഞ്ചായത്തിലെ 100ൽ അധികം കുടുംബങ്ങളിൽ തെളിനീരെത്തി. രാമചന്ദ്രൻ സ്വാമിയുടെ മകനും എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് കോഓർഡിനേറ്ററുമായ കെ.ആർ.സലീലനാഥ് സൗജന്യമായി നൽകിയ സ്ഥലത്താണ് പദ്ധതിയുടെ കുളവും പമ്പ് ഹൗസും നിർമ്മിച്ചത്. പഞ്ചായത്തിലെ ഒൻപതാം വാർഡിലെ കൊല്ലൻപടിയിൽ വയലിൽ കുളം നിർമ്മിച്ചു മോട്ടോർ ഉപയോഗിച്ച് വെള്ളം ചൂരക്കുന്ന് മലയിലെ വാട്ടർ ടാങ്കിൽ പമ്പ് ചെയ്ത് എത്തിച്ചു പ്രദേശത്തെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിലുള്ളത്.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ ആദ്യകാലത്തെ അംഗമായിരുന്ന കൊച്ചുപ്ലാവിളയിൽ രാമചന്ദ്രൻ സ്വാമിയുടെ സ്മരണ നിലനിറുത്തുന്നതിന് പഞ്ചായത്ത് അദ്ദേഹത്തിന്റെ പേര് കുടിവെള്ള പദ്ധതിക്ക് നൽകുകയായിരുന്നു.
കെ.യു.ജനിഷ് കുമാർ എം.എൽ.എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി എന്നിവരാണ് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ആദ്യ ശ്രമങ്ങൾ നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത.ടി.വിയും പൂർത്തീകരണത്തിനായി ശ്രമങ്ങൾ നടത്തി.
കൊച്ചുപ്ലാവിളയിൽ രാമചന്ദ്രൻസ്വാമി
കാഷായ വസ്ത്രവും രുദ്രാക്ഷമാലയും നെറ്റിയിൽ ചന്ദനക്കുറിയുമായി 102 വയസുവരെ രാമചന്ദ്രൻ സ്വാമി ജീവിച്ചിരുന്നു. പതിവായി യോഗയും സൈക്കിൾ യാത്രയും ചെയ്തിരുന്ന അദ്ദേഹത്തെ നാട്ടിൽ സൈക്കിൾ സ്വാമി എന്നും അറിയപ്പെട്ടിരുന്നു. പ്രകൃതിസ്നേഹിയായ അദ്ദേഹം നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞതാണ് ഇപ്പോഴും വീടും പരിസരവും. അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിറുത്താനായി കുടുംബം ഇന്നും അവ സംരക്ഷിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ സഹോദരന്മാരായ മൂന്നുപേരും സ്വാമിമാർ ആയിരുന്നു. പപ്പുസ്വാമി, നാരായണൻ സ്വാമി, ശങ്കുണ്ണി സ്വാമി, ഇവരിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.
കൊല്ലൻപടി, മുതുപേഴുങ്കൽ, മുറ്റാക്കുഴി, ചൂരക്കുന്ന് തുടങ്ങിയ
പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതി ചെലവ് : 77.80 ലക്ഷം രൂപ
പദ്ധതിയുടെ തുടർ വികസനത്തിനായി കെ.യു.ജനിഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേമ ശേഖർ ബ്ലോക്ക് ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടുണ്ട്.
ശ്രീലത.ടി.വി
(ഗ്രാമപഞ്ചായത്ത് അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |