
കീക്കൊഴൂർ : വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കർഷകർ കണ്ടെത്തുന്ന മാർഗങ്ങളെല്ലാം പരാജയപ്പെടുകയാണ്. മണ്ണിൽ നട്ടാൽ നശിപ്പിക്കുമെന്ന് ഭയന്ന് ചാക്കുകളിൽ വളർത്തിയെടുത്ത തെങ്ങിൻ തൈകളും കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. വിളയിൽ ബോബി മാത്യൂസിന്റെ വീടിനോട് ചേർന്ന് വളർത്തിയ തെങ്ങിൻത്തൈകളാണ് നശിപ്പിച്ചത്. പന്നികളിൽ നിന്ന് രക്ഷപ്പെടുത്താനായി രണ്ട് വർഷത്തോളമായി വലിയ ചാക്കുകളിൽ വളർത്തി പരിപാലിച്ചുവരുകയായിരുന്നു.
പൂങ്കാവ് - വട്ടക്കുളഞ്ഞി റോഡിൽ കാട്ടുപന്നി
കുറുകെ ചാടി, ബൈക്ക് യാത്രക്കാർക്ക് പരിക്ക്
പ്രമാടം : പൂങ്കാവ് - വട്ടക്കുളഞ്ഞി റോഡിലെ കാട്ടുപന്നികളുടെ വിളയാട്ടം യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പന്നിക്കൂട്ടം കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മതിലിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശികളായ സേതു, അംബുജാക്ഷൻ എന്നിവർക്കാണ് പരിക്കേറ്റത്. പന്നിക്കൂട്ടത്തെ കണ്ട് പെട്ടെന്ന് ബൈക്ക് വെട്ടിച്ചപ്പോൾ സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. നേരത്തെയും സമാനസംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള എണ്ണപ്പന തോട്ടത്തിലും റബർ തോട്ടത്തിലുമാണ് ഇവയുടെ താവളം. നാട്ടുകാർ കോന്നി ഫോറസ്റ്റ് ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |