
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കളാറായി. ഇന്ന് അവസാനവട്ട കൂടിയാലോചനകൾ, കണക്കെടുപ്പ്. നേട്ടവും കോട്ടവും എവിടെയെന്ന വിലയിരുത്തൽ. കാണേണ്ട പ്രമുഖരെ വീണ്ടും കാണാനും വോട്ടുറപ്പിക്കാനുമുള്ള നെട്ടോട്ടം.... ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ത്രികോണപ്പോരിന്റെ ആരവം നിറഞ്ഞു. അഞ്ചും നിലനിറുത്തുമെന്ന് എൽ.ഡി.എഫും തൂത്തുവാരുമെന്ന് യു.ഡി.എഫും അട്ടിമറികൾ സംഭവിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെട്ടു. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിലും ശബരിമല സ്വർണക്കൊള്ള നിറഞ്ഞുനിന്നു. സ്വർണം കട്ടവനാരപ്പാ... എന്നെഴുതിയ കൂറ്റൻ ബാനറുമായാണ് യു.ഡി.എഫ് കൊട്ടിക്കലാശത്തിന് എത്തിയത്. ആറൻമുള മണ്ഡലത്തിന്റെ കൊട്ടിക്കലാശം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലായിരുന്നു. സ്വർണക്കൊള്ള കൂടാതെ ആരോഗ്യ രംഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രി വീണാജോർജിനെതിരെയും ബാനറുകൾ ഉയർന്നു. കത്രികയും കഴുത്തിലെ ബെൽറ്റുമെക്കെ ചിത്രങ്ങളിൽ നിറഞ്ഞു. വയനാട് ദുരന്തത്തിലെ കോൺഗ്രസ് ഫണ്ട് തിരിമറിയാണ് ബദലായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടിയത്. മുത്തുക്കുടകളും വാദ്യമേളങ്ങളും കളറുകൾ വിതറിയും മൂന്ന് മുന്നണികളും ആഘോഷമാക്കി.
ധർണയിരുന്ന് അബിൻ വർക്കി
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മനുഷ്യനിർമിത പ്രളയത്തിൽ മുൻമന്ത്രിയും തിരുവല്ലയിലെ എം.എൽ.എയുമായ മാത്യു ടി.തോമസിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സത്യാഗ്രഹം ഇരുന്നു. വൈകിട്ട് നാല് മണിയോടെയാണ് അദ്ദേഹം കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്.
ബാനർ ഉയർത്തുന്നതിൽ തർക്കം
സെൻട്രൽ ജംഗ്ഷനിലെ ആറുനില കെട്ടിടത്തിന് മുകളിൽ വലിയ ബാനർ കെട്ടുന്നതിനെ ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ് തർക്കം. വീണാജോർജിന്റെ വലിയ ബാനറിനു മുകളിലൂടെ അബിൻ വർക്കിയുടെ ബാനർ കെട്ടുന്നതിനെ എൽ.ഡി.എഫ് പ്രവർത്തകർ എതിർത്തു. പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കി.
ആദ്യം വീണ, പിന്നെ അബിൻ വർക്കി, കുമ്മനം
കൊട്ടിക്കലാശത്തിന് ക്രെയിനുകളുമായാണ് യു.ഡി.എഫ് എത്തിയത്. ആദ്യം കാഴ്ചക്കാരെ അഭിവാദ്യം ചെയ്യാൻ മിനി ലോറിയിലെ പ്രത്യേക പ്ളാറ്റ്ഫോമിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് എത്തി. പിന്നീടാണ് അബിൻ വർക്കി ക്രെയിനിൽ കയറിയത്. എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തുറന്ന വാഹനത്തിൽ എത്തിയത് വൈകിട്ട് അഞ്ച് മണിയോടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |