വിഷ്ണുവിന് വി​ട നൽകി​ നാട്, ആനക്കലിയിൽ പൊലി​ഞ്ഞ ആനപ്രേമി​

Sunday 03 May 2026 12:01 AM IST
വിഷ്ണു ജി നായർ

കൊടുമൺ : അങ്കമാലിയിൽ ആനക്കലിയിൽ ജീവൻ നഷ്ടമായ കൊടുമൺ സ്വദേശി വിഷ്ണു ജി നായർ (32) നാടി​ന്റെ നൊമ്പരമായി. അടുത്ത സുഹൃത്ത് ആനയെ വാടകയ്ക്ക് എടുത്തപ്പോൾ കൂടെകൂടാൻ വിഷ്ണുവിന് പ്രചോദനമായത് ആനകളോടുള്ള കടുത്തകമ്പമായി​രുന്നു. കഴിഞ്ഞ രണ്ടുവർഷത്തോളമായി പാർത്ഥസാരഥി എന്ന കൊമ്പനൊപ്പമായി​രുന്നു വി​ഷ്ണുവി​ന്റെ തൊഴി​ലും ജീവി​തവുമെല്ലാം. പൊതുവെ ശാന്തനായ പാർത്ഥസാരഥി വിഷ്ണുവിനോട് വളരെ ഇണക്കം കാട്ടിയിരുന്നു. എന്നാൽ പകയോട് പെരുമാറി കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് ഏറെ അടുപ്പമുള്ളവർക്കുപോലും വ്യക്തമല്ല. പരി​പാടി​കൾക്കായി​ ആനയെ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവറായിരുന്നുവെങ്കി​ലും പാർത്ഥസാരഥിയുടെ സകലകാര്യങ്ങളും നോക്കിയിരുന്നത് വിഷ്ണുവായിരുന്നു. കഴിഞ്ഞ മാസം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിനുവന്നപ്പോഴും പാർത്ഥസാരഥി​ ശാന്തനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പലരും കൊച്ചുവിഷ്ണു എന്നാണ് വിഷ്ണുവിനെ വിളിച്ചിരുന്നത്. പ്രായഭേദമില്ലാതെ വലിയ ഒരുസൗഹൃദ വലയം വിഷ്ണുവിന് നാട്ടിലുണ്ടായിരുന്നു. സംസ്കാര ചടങ്ങ് വികാരഭരിതമായി മാറി. അവസാനമായി ഒരുനോക്കു കാണാൻ നൂറുകണക്കിന് ആളുകളാണ് വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയത്. കൊടുമൺ പൂവണ്ണാൽ വീട്ടിൽ പരേതരായ ഗോപാലകൃഷ്ണൻ നായരുടെയും ജയദേവിയുടെയും മകനാണ്. ജിഷ്ണു ജി നായർ സഹോദരനാണ്.