കള്ളനോട്ട് കേസിൽ 28 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

Sunday 17 May 2026 12:04 AM IST

ചെങ്ങന്നൂർ : ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മൂന്നാംപ്രതി രാജേഷ് രാമചന്ദ്രൻ (52) 28 വർഷത്തിന് ശേഷം അറസ്റ്റിലായി. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മേയ് 14ന് വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനത്താവള അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തു.

എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സി.പി.ഒ ലിജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

1998 ജൂൺ 29ന് ചെങ്ങന്നൂർ മുണ്ടൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മേഖലയിലെ ലീല ഓഫ്സെറ്റ് പ്രസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ യു.എ.ഇ സർക്കാരിന്റെ 500 ദിർഹത്തിന്റെ 8762 കള്ളനോട്ടുകളും 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും രണ്ട് ഇന്ത്യൻ മുദ്രപത്രങ്ങളും കണ്ടെത്തിയിരുന്നു. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മയെയും രണ്ടാംപ്രതിയും മകനുമായ രാജീവ് കുമാറിനെയും നേരത്തെ അറസ്റ്റുചെയ്തിരുന്നു.