പോത്തൻകോട്: കുടുംബവഴക്കിനിടെ പന്തലക്കോട് ദേവിനഗർ സ്വദേശി രാകേഷ് (35),മഹേഷ് (30) എന്നിവർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 9.30ന് അയിരൂപ്പാറ ചാരുംമൂട് രാമപുരത്ത് പൊയ്കയിലാണ് സംഭവം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ പ്രതി കൊച്ചുമോൻ ഒളിവിലാണ്.
കൊച്ചുമോന്റെ അപ്പച്ചിയുടെ മരുമകനായ ശരത്തിന്റെ സുഹൃത്തുക്കൾക്കാണ് വെട്ടേറ്റത്. കുടുംബ പ്രശ്‌നം സംസാരിക്കാനെത്തിയ കൊച്ചുമാേന്റെ അച്ഛനെ ശരത്ത് കൈയേറ്റം ചെയ്തതറിഞ്ഞ് ചോദിക്കാനെത്തിയതായിരുന്നു കൊച്ചുമോൻ. ഈ സമയം ശരത്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ശരത്തിന്റെ സുഹൃത്ത് ഒളിപ്പിച്ചു വച്ചിരുന്ന വെട്ടുകത്തി തറയിൽ വീണു. ഇതെടുത്ത് പ്രാണരക്ഷാർത്ഥം ആക്രമിക്കാൻ വന്നവരെ നേരിടുകയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
കൊച്ചുമോന്റെ അപ്പച്ചിക്കും രണ്ട് പെൺമക്കൾക്കുമായി നാട്ടുകാർ പിരിവെടുത്താണ് കിടപ്പാടം നിർമ്മിച്ചു നൽകിയത്. കൊച്ചുമോന്റെ പിതാവിന്റെ സംരക്ഷണയിലായിരുന്നു കുടുംബം. അമ്മയ്‌ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. മൂത്ത പെൺകുട്ടിയെയാണ് ശരത് വിവാഹം കഴിച്ചത്. ഇവർ വേറെ വീട്ടിലാണ് താമസം. ശരത് ഭാര്യവീട്ടിൽ വരുന്നത് കൊച്ചുമോന്റെ പിതാവ് വിലക്കിയതിനെ തുടർന്നാണ് കുടുംബ പ്രശ്‌നമുണ്ടായത്. സംഭവമറിഞ്ഞ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |