കട്ടപ്പന :നഗരസഭയുടെ കാൻസർ രോഗ നിർണയ കേന്ദ്രം, നഗര ജനകീയ ആരോഗ്യകേന്ദ്രം, സ്‌പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് എന്നിവ 22 മുതൽ പാറക്കടവ് റൂട്ടിലുള്ള പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. ഉച്ചയ്ക്ക് 12ന് കാൻസർ രോഗ നിർണയ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിനും നഗര ജനകീയ ആരോഗ്യകേന്ദ്രം ഡീൻ കുര്യാക്കോസ് എം.പിയും സ്‌പെഷ്യാലിറ്റി ദന്തൽ ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോണും ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി അദ്ധ്യക്ഷയാകും. ഡി.എം.ഒ ഡോ. സുരേഷ് വർഗീസ്, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.ജില്ലയിലെ ആദ്യത്തെ കാൻസർ രോഗനിർണയ കേന്ദ്രമാണ് കട്ടപ്പനയിൽ ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന കേന്ദ്രത്തിൽ സംസ്ഥാനത്തെ പ്രമുഖ കാൻസർ ചികിത്സാ ആശുപത്രികളുടെയും സേവനം ലഭ്യമാക്കും. നഗര പ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനും പുതിയ സംരംഭത്തിലൂടെ സാധിക്കും. ദന്തൽ ചികിത്സാരംഗത്ത് കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിലാണ് സ്‌പെഷ്യലിറ്റി ദന്തൽ ക്ലിനിക്ക് ആരംഭിക്കുന്നത്. ഈ വിഭാഗത്തിൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ചികിത്സയും ആധുനിക സജ്ജീകരണങ്ങളും ഉണ്ടാകും. ഈ കേന്ദ്രങ്ങളിലെല്ലാം ചികിത്സ പൊതുജനങ്ങൾക്ക് സൗജന്യമായിരിക്കും. ഒരുകോടി രൂപ ചെലവഴിച്ചാണ് 3 കേന്ദ്രങ്ങളും ആരംഭിക്കുന്നത്. ഇതിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും ലഭിച്ചതോടെയാണ് 3 കേന്ദ്രങ്ങളും ഒരിടത്ത് പ്രവർത്തനമാരംഭിക്കാൻ സാധിച്ചതെന്ന് ബീനാ ടോമി, ജോയി വെട്ടിക്കുഴി, അഡ്വ. കെ ജെ ബെന്നി, സിബി പാറപ്പായി, ജോയി ആനിത്തോട്ടം എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |