വെള്ളറട: പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തകേസിൽ ജുവലറി ഉടമ അറസ്റ്റിൽ. വെള്ളറട പനച്ചമൂട്ടിൽ തൃശൂർ ജുവലറി നടത്തിവന്ന തൃശൂർ സ്വദേശി ജസ്റ്റിൻജോസ് (30) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കേടുപാടുകൾ തീർക്കാൻ കൊടുത്ത പന്നിമല സ്വദേശി ആൻസിയുടെ അഞ്ചരപവൻ സ്വർണ്ണാഭരണം ഇയാൾ തട്ടിയെടുത്തിരുന്നു. നിരവധി തവണ ആഭരണം ആവശ്യപ്പെട്ട് ആൻസി സ്ഥലത്തെത്തിയെങ്കിലും ആഭരണം നൽകാതെ വിവിധ ബാങ്കുകളിലെ പണമില്ലാത്ത ചെക്കുകൾ നൽകി കബളിപ്പിക്കുകയായിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. പനച്ചമൂട്ടിലെ ജുവലറി മാസങ്ങളായി അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. ഇതിനു പുറമെ നിരവധി പേരെ സ്വർണ്ണചിട്ടിയിൽ ചേർത്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.ആദ്യം സ്വർണ്ണാഭരണങ്ങൾ നൽകി ജനങ്ങളുടെ വിശ്വാസംനേടിയശേഷമാണ് പറ്റിപ്പ് നടത്തിയത്. പണം അടച്ച നിരവധിപേർ ജുവലറിക്കുമുന്നിൽ എത്തുന്നുണ്ട്. കബളിപ്പിക്കലിന് നേരത്തേ ഇയാൾക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്. നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളറട സി.ഐ വി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |