തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വട്ടപ്പാറ ഒഴുകുംപാറ സ്വദേശി മിഥുനെയാണ് (25) ചാക്ക ഫയർഫോഴ്സ് രക്ഷിച്ചത്.
ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് കരയിൽ ബൈക്ക് വച്ച്, കായലിലേക്ക് ചാടുന്നത് കണ്ടവരാണ് ഉടൻ കൺട്രോൾ റൂമിലും ചാക്ക ഫയർഫോഴ്സിലും അറിയിച്ചത്.
ഫയർഫോഴ്സ് അധികൃതർ സ്ഥലത്തെത്തുമ്പോൾ യുവാവ് പാലത്തിന് താഴെ കോൺക്രീറ്റ് തൂണിൽ പിടിച്ചു തൂങ്ങി കിടക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന എൻ.സി.സിയുടെ വള്ളം ഉപയോഗിച്ച് ഫയർഫോഴ്സ് ഇയാളെ കരയ്ക്കെത്തിച്ചു. അവശനായ ഇയാളെ തുമ്പ പൊലീസും ഫയർഫോഴ്സ് അധികൃതരും ചേർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രേമ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് യുവാവ് തുമ്പ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് പരിക്കൊന്നുമില്ല.ചാക്ക ഫയർസ്റ്റേഷൻ ഓഫീസർ അരുൺ മോഹൻ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിബു,രാജേഷ്,സജികുമാർ,അഭിലാഷ്,അരുൺ,ആകാശ് ഹോംഗാർഡുകളായ എൽ.എൽ.പ്രസാദ്,ശിവകുമാർ,ജയ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |