തിരുവനന്തപുരം: സുകുമാർ അഴീക്കോടിന്റെ മരണമറിഞ്ഞപ്പോൾ ചോദിക്കാനും പറയാനും ഇനിയാരുണ്ടെന്ന ചോദ്യം ഏങ്ങലായി തന്റെയുള്ളിൽ നിറഞ്ഞതായി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ വാക്കും പ്രവൃത്തിയും ഒരു പോലെ ഉൾക്കൊണ്ടയാൾ. നമ്മൾ നമ്മോട് ചെയ്യേണ്ട സേവനമാണ് അഴീക്കോടിനെ
അനുസ്മരിക്കലെന്നും അടൂർ പറഞ്ഞു.തന്റെ വാക്കുകളിലൂടെ ഒരു സൈന്യത്തെയാണ് സുകുമാർ അഴീക്കോട് തൊടുത്തുവിട്ടതെന്ന് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അഴീക്കോടിന്റെ മരണ ശേഷം കേരളം ആർക്ക് കാതോർക്കണമെന്നോർത്ത് വിഷമിക്കുകയാണെന്ന് കവി പ്രഭാവർമ്മ അനുസ്മരിച്ചു. ഒരു മതപ്രസ്ഥാനത്തിന്റെ പിന്തുണയില്ലാതെ ആളുകളെ ഇത്രയധികം സ്വാധീനിച്ച ഒരാൾ ഇന്ത്യയിലില്ലെന്നും പ്രഭാവർമ്മ പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരണ പ്രഭാഷണവും അഴീക്കോട് ട്രസ്റ്റ് സെക്രട്ടറി പോൾ മണലിൽ ആമുഖ പ്രഭാഷണവും നടത്തി.അഴീക്കോടിന്റെ കൃതിയായ മലയാള സാഹിത്യവിമർശനം, അഴീക്കോടിന്റെ ആത്മകഥ എന്നീ ഗ്രന്ഥങ്ങളുടെ പുതിയ പതിപ്പുകളുടെ പ്രകാശനം പ്രഭാവർമ്മ നിർവഹിച്ചു.ജോസ് പാറക്കടവിൽ സ്വാഗതവും വി.ദത്തൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |