തൃശൂർ: സി.ഐ.ടി.യു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39) മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തം കഠിനതടവിനും 13.5 ലക്ഷം രൂപ പിഴയടയ്ക്കാനും വിധി. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി.കെ.മിനിമോളാണ് ശിക്ഷ വിധിച്ചത്.
വെട്ടുക്കപറമ്പിൽ ഷാജഹാൻ (50), വലിയകത്ത് ഷബീർ (30), പരിക്കുന്നു വീട്ടിൽ അമൽ സാലിഹ് (31), വലിയകത്ത് ഷിഹാസ് (40), കാട്ടുപറമ്പിൽ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടിൽ സൈനുദ്ദീൻ (51) എന്നിവരെയാണ് ശിക്ഷിച്ചത്. 2021 ഒക്ടോബർ 22ന് വൈകിട്ട് 3:30ന് കാളത്തോട് മുസ്‌ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ചാണ് കൊലപാതകം നടന്നത്. കൊവിഡ് കാലത്ത് മത്സ്യക്കച്ചവടം നടത്തുന്നതിനിടെയാണ് കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ മുൻവശം വച്ച് ഓട്ടോയിലെത്തിയ ഷാജഹാൻ, ഷബീർ, അമൽ സാലിഹ് എന്നീ പ്രതികൾ നാച്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഗൂഢാലോചനയുണ്ടെന്ന് കണ്ടതിനെത്തുടർന്ന് സി.ഐ: ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മറ്റ് പ്രതികളുടെ പങ്ക് കൂടി വ്യക്തമായത്.
വലിയകത്ത് ഷിഹാസ് (40), കാട്ടുപറമ്പിൽ നവാസ് (47), പോക്കാക്കില്ലത്ത് വീട്ടിൽ സൈനുദ്ദീൻ (51) എന്നിവരും നാലാം പ്രതി ഷിഹാസിന്റെ വീട്ടിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. ഗൂഢാലോചന തെളിയിക്കാനായി ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളും സൈബർ ഫോറൻസിക് റിപ്പോർട്ടുകളും, ഡി.എൻ.എ റിപ്പോർട്ടുകളും, മറ്റ് ഫോറൻസിക് തെളിവുകളും പ്രോസിക്യൂഷൻ ഉപയോഗിച്ചു. പിഴ സംഖ്യയിൽ നിന്നും 3 ലക്ഷം രൂപ മരിച്ച നാച്ചുവിന്റെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ലിജി മധു എന്നിവരാണ് ഹാജരായത്. പ്രോസിക്യൂഷൻ സഹായിയായി ജൂലി കെ.ഡി എന്നിവർ പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |