തിരുവനന്തപുരം: മൺസൂൺ പടിവാതിലിലെത്തിയിട്ടും നഗരത്തിലെ മഴക്കാലപൂർവ ശുചീകരണം പാതിവഴിയിൽ. കോളറ ബാധിച്ച് കവടിയാർ സ്വദേശി മരിച്ചതിന്റെ പശ്ചാത്തലത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം നടത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ മിക്ക വാർഡുകളിലും ശുചീകരണം എങ്ങുമെത്തിയില്ലെന്നാണ് പരാതി.
മിക്കയിടത്തെയും ഓടകൾ അടഞ്ഞുകിടക്കുകയാണെന്നും തുറസായ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലം എത്തുന്നതിന് മുമ്പേ രോഗങ്ങൾ പകരാതിരിക്കുന്നതിനായാണ് ഓടകളും റോഡരികുകളും തുറസായ സ്ഥലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താറുള്ളത്. തദ്ദേശ സ്വയംഭരണ, ആരോഗ്യ, ജലവിഭവ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടത്തേണ്ടത്. കോളറ ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ചിലയിടങ്ങളിൽ ശുചീകരണം നടത്തിയെങ്കിലും ആരോഗ്യ, ജലവിഭവ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഒന്നുമുണ്ടായില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
ഓടകൾ നിറഞ്ഞു
വേനൽമഴ ശക്തിപ്പെട്ട് പലയിടത്തും വെള്ളക്കെട്ടുകൾ രൂക്ഷമായിട്ടും ഓടകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്ത് തുടങ്ങിയിട്ടില്ല. മിക്കയിടത്തും ഓടകൾ നിറഞ്ഞ അവസ്ഥയിലാണ്. മഴക്കാലത്തിന് മുമ്പേ ഇവ മാറ്റിയില്ലെങ്കിൽ നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമാക്കും. മാലിന്യങ്ങൾ അടിഞ്ഞുകൂടി കൊതുകുകൾ പെരുകുന്നതിനും രോഗങ്ങൾ പടരുന്നതിനും ഇടയാക്കും. തുറസായ സ്ഥലങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നതും ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ജലപരിശോധന പേരിന്
നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും മാലിന്യ കുഴികളുടെയും ടോയ്ലെറ്റുകളുടെയും സമീപത്തായുള്ള കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഗുണനിലവാര പരിശോധനയും അണുവിമുക്തമാക്കലും മഴക്കാലത്തിന് മുൻപാണ് ചെയ്യേണ്ടത്. നഗരസഭയുടെയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പരിശോധനകളൊന്നും നടക്കാറില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |