വിതുര: മലയോര മേഖലയിൽ തെരുവ്നായ്ക്കളെ പേടിച്ച് വഴിനടക്കുവാനാകാത്ത അവസ്ഥയാണ്. മിക്ക പഞ്ചായത്തുകളിലും തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പേവിഷബാധയുള്ള നായകളും തെരുവുകളിൽ അലഞ്ഞുതിരിയുന്നുണ്ട്. തിരുവനന്തപുരം പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും തെരുവ്നായ്ക്കളുടെ പിടിയിലാണ്. വീടുകളിൽ കയറി ആടുകളെയും കോഴികളേയും നായ്ക്കൾ കടിച്ചുകീറുന്നുണ്ട്. പൗൾട്രി ഫാമുകളിൽ കയറി കോഴികളെ കൂട്ടത്തോടെ കൊന്നാടുക്കിയ സംഭവവുമുണ്ടായി. സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളും നായകളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്.
തലസ്ഥാന നഗരിയിൽ നിന്നും രാത്രികാലങ്ങളിൽ വാഹനത്തിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ വിജനമായ മേഖലകളിൽ നായ്ക്കളെ കൊണ്ടിറക്കുണ്ട്. പൊൻമുടിയിലെത്തിയ വിനോദ സഞ്ചാരികളേയും ആക്രമിച്ചിരുന്നു. വിതുര താലൂക്കാശുപത്രി, ഗവ.യു.പി.എസ്, ഹൈസ്കൂൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരങ്ങൾ എന്നിവിടങ്ങൾ തെരുവ്നായകളുടെ വിഹാരകേന്ദ്രങ്ങളായിട്ടുണ്ട്. പുലർച്ചെ ടാപ്പിംഗിന് പോകുന്നവരേയും നായ്ക്കൾ കടിച്ച സംഭവമുണ്ടായി.
മാലിന്യനിക്ഷേപം രൂക്ഷം
പൊൻമുടി തിരുവനന്തപുരം സംസ്ഥാന പാതയോരങ്ങളിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. ഇറച്ചി വേസ്റ്റുകൾ വ്യാപകമായി റോഡരികിൽ നിക്ഷേപിക്കുന്നുണ്ട്. മാലിന്യം കുമിഞ്ഞുകൂടികിടക്കുന്ന മേഖലകളിൽ തെരുവ്നായകൾ കൂട്ടത്തോടെയെത്തുകയാണ് പതിവ്. നായശല്യം വദ്ധിച്ചതായി ചൂണ്ടിക്കാട്ടി പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |