മുടപുരം: പ്രതിസന്ധികൾക്കിടയിൽ നട്ടം തിരിയുന്ന കയർ വ്യവസായത്തിലെ തൊഴിലാളികൾക്ക് പ്രതീക്ഷയായി അഴൂർ പഞ്ചായത്തിലെ ഇടഞ്ഞുംമൂല കയർ വ്യവസായ സഹകരണ സംഘം. പതിറ്റാണ്ടുകൾക്ക് മുൻപ് കയർ വ്യവസായത്തിന്റെ പ്രതാപകാലത്ത് അഴൂർ പഞ്ചായത്തിൽ ആയിരക്കണക്കിന് കയർത്തൊഴിലാളികൾ പഞ്ചായത്തിലെ സഹകരണ -ചെറുകിട കയർ ഉത്പാദന കേന്ദ്രങ്ങളിൽ പണിയെടുത്തിരുന്നു. വ്യവസായത്തിന്റെ തകർച്ചയെ തുടർന്നും തുച്ഛമായ കൂലിയായതിനാലും തൊഴിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും പ്രതിസന്ധികൾക്കിടയിലും വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിയതിനാൽ 30 തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ ഇടഞ്ഞുംമൂല കയർ സംഘത്തിനായി. 1997ലാണ് ഇടഞ്ഞുംമൂല കയർ സംഘം രൂപീകൃതമാകുന്നത്. 48 വർഷം പഴക്കമുള്ള ഈ സംഘത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത് തുടർച്ചയായ വികസന പ്രവർത്തനങ്ങളിലൂടെയാണെന്ന് കയർ സംഘം പ്രസിഡന്റ് ജി.സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ബാങ്കിന്റെ ലിക്വിടേഷനെ മറികടന്നു. തുടർന്ന് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ച 40 ലക്ഷം രൂപയും സംഘത്തിന്റെ ലാഭവിഹിതമായ 10 ലക്ഷം രൂപയും ഉൾപ്പെടെ 50 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. തൊണ്ടടി മിൽ,വർക്ക് ഷെഡ്,കയർ ഗോഡൗൺ,ചുറ്റുമതിൽ,ഓട,ശുചിമുറി തുടങ്ങിയവ നിർമ്മിച്ചു. പഴയ ഐ.സി.ഡി.പി ബിൽഡിംഗ് പുനരുദ്ധരിച്ചു.
പ്രവർത്തനം ശക്തിപ്പെട്ടു
പരമ്പരാഗതമായ 8 റാട്ടുകളിലാണ് തൊഴിലാളികൾ കയർ പിരിക്കുന്നത്. 10 ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീൻ സ്ഥാപിച്ചെങ്കിലും അത് വിജയിച്ചില്ല. ഒരു ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനിൽ മാത്രമേ കയർ പിരിക്കുന്നുള്ളൂ. കുറഞ്ഞ കൂലിയാണ് തൊഴിലാളികളെ ഈ ജോലിയിൽ നിന്ന് അകറ്റുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 369 രൂപ കൂലി നൽകുമ്പോൾ കയർപിരി തൊഴിലാളിക്ക് 350 രൂപയാണ്.240 രൂപ സംഘം നൽകുന്നതും 110 രൂപ സംസ്ഥാന സർക്കാർ വരുമാന ഉറപ്പ് പദ്ധതി വഴി നൽകുന്നതുമാണ്.
കൂലി വർദ്ധിപ്പിക്കണം
കൂലി കുറവായതിനാൽ ഇവിടുത്തെ തൊഴിലാളികൾ ദിവസവും പുലർച്ചെ 3 മണിക്ക് സംഘത്തിലെത്തി ജോലി ചെയ്യും. അതിനുശേഷം തൊഴിലുറപ്പ് ജോലിക്കോ മറ്റ് ജോലികൾക്കോ പോകും.അതിനാൽ പാവങ്ങളായ കയർ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സീകരിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.മിനിമം കൂലി 500 രൂപയായി ഉയർത്തണമെന്നും അവർ പറഞ്ഞു.കയർ തൊഴിലാളികളുടെ കൂലി ഉയർത്തിയിട്ട് 8വർഷത്തോളമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |