തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തിൽ നിന്ന് രക്ഷനേടാനുള്ള പൂന്തുറയിലെ ജിയോ ട്യൂബ് പദ്ധതി നിർമ്മാണം നീളും. ഏപ്രിലിൽ പൂർത്തിയാകുമെന്ന് പറഞ്ഞിരുന്ന പദ്ധതി ഈ വർഷം അവസാനമെങ്കിലുമാകും പൂർത്തിയാകാൻ. നിർമ്മാണ സാധനങ്ങളുടെ ലഭ്യതക്കുറവാണ് പദ്ധതി നീളാൻ കാരണം. 5 ഘട്ടമുള്ള പദ്ധതിയുടെ രണ്ടുഘട്ടം പൂർത്തിയായി. ഇനി മൂന്നെണ്ണം കൂടി പൂർത്തിയാകാനുണ്ട്. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യഘട്ടം വിജയം കണ്ടാൽ ശംഖുംമുഖം വരെയുള്ള തീരക്കടലിൽ ഈ പദ്ധതി നടപ്പാക്കും.
ചൈനയിൽ നിന്നുള്ള ഇറക്കുമതി വേണ്ടെന്ന് കേന്ദ്രം
ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുടെ (എൻ.ഐ.ഒ.ടി) സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിലെ ജിയോ ട്യൂബുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയിൽ ഇതിന്റെ നിർമ്മാണം അധികമില്ല.എന്നാലിപ്പോൾ ചൈനയിൽ നിന്ന് ജിയോ ട്യൂബ് ഇറക്കേണ്ടന്ന് കേന്ദ്രം നിർദ്ദേശിച്ചു.അതിനെത്തുടർന്ന് ജോലികൾ നിറുത്തിവച്ചു.ഇന്ത്യയിൽ നിർമ്മിക്കുന്ന മുംബയിലുള്ള ഒരു കമ്പനിയെ കണ്ടെത്തിയിട്ടുണ്ട്. അവരുമായി ചർച്ച ചെയ്ത് അനുയോജ്യമായ തീരുമാനമെടുക്കണം.
700 മീറ്റർ നീളത്തിൽ
20 മീറ്റർ നീളവും 2.5 മീറ്റർ വ്യാസവുമുള്ള വൃത്താകൃതിയിൽ പോളി പ്രൊപ്പലൈനിൽ നിർമ്മിച്ച ജിയോ ട്യൂബുകളാണ് സ്ഥാപിക്കുന്നത്
പൂന്തുറ തീരത്തു നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് സ്ഥാപിക്കുന്നത്
തീരത്തു നിന്ന് ഏകദേശം 80 മുതൽ 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായി ആറുമീറ്റർ ആഴമുള്ള,സമുദ്രത്തിന്റെ അടിത്തട്ടിൽ 15 മീറ്റർ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളിൽ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കും
ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റിന്റെയും നീളം 100 മീറ്ററാണ്. ഇവ തമ്മിലുള്ള അകലം 50 മീറ്ററും.ഒരു സെഗ്‌മെന്റിൽ 45 ട്യൂബുകൾ വരെ മൂന്ന് അടുക്കുകളായി സ്ഥാപിക്കേണ്ടിവരും.
ശക്തമായ തിരമാലകളെ ശാന്തരാക്കും
അതിശക്തമായി കടൽ തിരകളടിച്ചാൽ അത് ട്യൂബിൽ തട്ടി ശക്തി കുറഞ്ഞ് പതഞ്ഞ് കരയിലേക്കെത്തും.ഇത് കടലാക്രമണം തടയും.കരയിടിച്ചിൽ ഉണ്ടാകില്ല.
തീരദേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പാറകളുടെ ഉപയോഗം കുറയ്ക്കാം
സമുദ്രജീവി സംരക്ഷണം
സമുദ്ര ജീവികളുടെ പ്രജനനത്തിന് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ജിയോ ട്യൂബ് സംവിധാനം സഹായകമാകുമെന്ന് പഠനം കണ്ടെത്തി. ജിയോ ട്യൂബ് ആദ്യഘട്ടത്തിൽ സ്ഥാപിച്ച പ്രദേശത്ത് നടത്തിയ ആഴക്കടൽ പഠനത്തിൽ വലിയ തോതിൽ കര രൂപപ്പെട്ടതായും നിക്ഷേപിച്ചിരുന്ന ജിയോട്യൂബ് കേന്ദ്രീകരിച്ച് വിവിധയിനം മത്സ്യം ഉൾപ്പെടെയുള്ള കടൽ ജീവികളുടെ പ്രജനനമുണ്ടായതായും കണ്ടെത്തി.
700 മീറ്റർ തീരസംരക്ഷണത്തിനായി മാത്രം 20 കോടി ചെലവ്
പൂന്തുറ മുതൽ വലിയതുറ വരെ ജിയോട്യൂബ് ഉപയോഗിച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നതിന് 150 കോടി രൂപ കിഫ്ബി വകയിരുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |